സിറിയ: അന്വേഷിക്കുമെന്ന് ഐ എ ഇ എ

WEBDUNIA| Last Modified ശനി, 26 ഏപ്രില്‍ 2008 (13:00 IST)
സിറിയ രഹസ്യമായി ആണവ റിയാക്ടര്‍ നിര്‍മ്മിക്കുകയാണെന്ന ആരോപണം അന്വേഷിക്കുമെന്ന് യു എന്‍ അണവോര്‍ജ്ജ ഏജന്‍സി(ഐ എ ഇ എ). ഇത് സംബന്ധിച്ച വിവരം അമേരിക്ക കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് തീരുമാനിച്ചത്.

കഴിഞ്ഞ സെപ്തംബറില്‍ ഇസ്രാ‍യേലി വിമാനങ്ങള്‍ സിറിയയില്‍ കടന്ന് കയറി ആക്രമണം നടത്തിയിരുന്നു. ആണവ റിയാക്ടര്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ആക്രമിക്കപ്പെട്ടതെന്നാണ് അഭ്യൂഹം പരന്നിരുന്നത്.

ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കുമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ എജന്‍സി ഡയറക്ടര്‍ ജനറല്‍ മൊഹമ്മദ് എല്‍ബറാ‍ദി പറഞ്ഞു. ലഭിച്ച വിവരത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആണവ നിര്‍വ്യാപന നിയമമനുസരിച്ച് ആണവായുധമില്ലാത്ത രാഷ്ട്രങ്ങള്‍ക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. കണ്ടെത്തുന്ന വിവരങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഗവര്‍ണ്ണര്‍മാരുടെ ബോര്‍ഡിലും സുരക്ഷാ സമിതിയിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതുമുണ്ടെന്ന് എല്‍ ബറാദി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :