മാധ്യമങ്ങള്‍ക്ക് പാക് സര്‍ക്കാരിന്‍റെ വിമര്‍ശനം

ഇസ്ലാമബാദ്| WEBDUNIA|
മുംബൈ ആക്രമണത്തെ കുറിച്ച് ഇന്ത്യ നല്‍കിയ തെളിവുകളെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പാക് സര്‍ക്കാര്‍ രാജ്യത്തെ മാധ്യമങ്ങളോടഭ്യര്‍ത്ഥിച്ചു. അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് പാക് അധികൃതര്‍ ഉടനെ യോഗം ചേരാനിരിക്കെയാണ് പാക് സര്‍ക്കാരിന്‍റെ ഈ അഭ്യര്‍ത്ഥന.

ഇന്ത്യ നല്‍കിയ തെളിവുകള്‍ സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതായും നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറുമെന്നും പാക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന്മുമ്പില്‍ കൊണ്ടുവരാന്‍ പാക് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് പാക് ആഭ്യന്തരകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

മൂന്നംഗ ഫെഡറല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഏജന്‍സി അവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തരവകുപ്പ് മന്ത്രി റഹ്‌മാന്‍ മാലിക്കിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെയും നിയമന്ത്രാലയത്തിന്‍റെയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരാനിരിക്കുകയാണ്. എന്നാല്‍ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി യൂസഫ് റാസ് ഗിലാനി തിരിച്ചെത്തിയതിന് ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സാധ്യതയുള്ളൂ.

ഇന്ത്യ നല്‍കിയ വിവരങ്ങള്‍ അപര്യാപ്തമാണെന്നും ആക്രമണ പദ്ധതി ആസൂത്രണം ചെയ്തത് പാകിസ്ഥാനിലല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമാര്‍ശിക്കുന്നതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അവസരത്തിലാണ് മാധ്യമങ്ങളോട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന പാക് സര്‍ക്കാരിന്‍റെ നിര്‍ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :