പാക് - അഫ്ഗാന്‍ അതിര്‍ത്തി ഭീകര പ്രഭവകേന്ദ്രം

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (13:17 IST)
പാക് - അഫ്ഗാന്‍ രാജ്യാതിര്‍ത്തി ആഗോള ഭീകരപ്രവര്‍ത്തനത്തിന്‍റെ പ്രഭവകേന്ദ്രമാണെന്ന് ബ്രിട്ടന്‍. ഈ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണ് ബ്രിട്ടന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ പറഞ്ഞു.

പാക് - അഫ്ഗാന്‍ രാജ്യങ്ങളിലെ ഭീകര പ്രവര്‍ത്തനം നേരിടുന്നതിനുള്ള പുതിയ നയം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച അഫ്ഗാനില്‍ സന്ദര്‍ശനം നടത്തിയ ബ്രൌണ്‍ തങ്ങളുടെ പുതിയ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

അഫ്ഗാനിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത നാല് വര്‍ഷത്തേക്ക് പാകിസ്ഥാന് 665 മില്യണ്‍ പൌണ്ട് സഹായം നല്‍കും. ഇതില്‍ 125 മില്യണ്‍ പൌണ്ട് പാക് - അഫ്ഗാന്‍ അതിര്‍ത്തിയില്‍ വിദ്യാഭ്യാസ മേഖലയിലാണ് ചെലവിടുക. അടുത്ത മാസം ആദ്യം പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. തീവ്രവാദം സംയുക്തമായി നേരിടുന്നത് സംബന്ധിച്ചും പാകിസ്ഥാന്‍ കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും.

തീവ്രവാദമടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുന്നുന്നതിനുള്ള ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ രണ്ടായിരത്തോളം ആളുകള്‍ കഴിഞ്ഞ വര്‍ഷം ഭികര പ്രവര്‍ത്തനത്തിന്‍റെ ഇരകളായിട്ടുണ്ട്. പാകിസ്ഥാനിലെയും അഫ്ഗാനിലെയും താലിബാന്‍ പരസ്പരം ബന്ധമുള്ളവയാണ്. അല്‍ക്വൊയ്ദയുമായും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും താലിബാന്‍ നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ബ്രൌണ്‍ അഭിപ്രായപ്പെട്ടു.

അഫ്ഗാനില്‍ 80000 ബ്രിട്ടീഷ് സൈനികരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2011ല്‍ സൈനികരുടെ എണ്ണം 134000 ആയി വര്‍ദ്ധിപ്പിക്കും. 300 പരിശീലകര്‍ ഇപ്പോള്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോയിലെ ഏറ്റവും വലിയ സഖ്യസൈന്യമാണ് ബ്രിട്ടന്‍റേത്.

ഓഗസ്റ്റില്‍ അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബ്രിട്ടന്‍ പുതിയ നയം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യ ബാച്ച് സൈനികര്‍ അഫ്ഗാനിലെത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 15 മില്യണ്‍ പൌണ്ട് സഹായം നല്‍കാനും ബ്രിട്ടന്‍ തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :