പശുപതിനാഥ് ക്ഷേത്രത്തിന് സുരക്ഷ ശക്തമാക്കി

കാഠ്മണ്ഡു| WEBDUNIA| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2009 (10:01 IST)
പശുപതിനാഥ് ക്ഷേത്രത്തില്‍ ഇന്ത്യന്‍ പുരോഹിതര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ന്യൂഡല്‍ഹി ശക്തമായ പ്രതിഷേധം അറിയിച്ച സാഹചര്യത്തില്‍ ക്ഷേത്രത്തിന്‍റെ സുരക്ഷ നേപ്പാള്‍ സര്‍ക്കാര്‍ ശക്തമാക്കി. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും നേപ്പാള്‍ വ്യക്തമാക്കി.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നെപ്പാള്‍ പറഞ്ഞു. നേരത്തെ നേപ്പാള്‍ മന്ത്രി മിനേന്ദ്ര റിജലും ഇന്ത്യന്‍ സ്ഥാനപതി രാകേഷ് സൂദും ക്ഷേത്രം സന്ദര്‍ശിച്ചു. കാഠ്മണ്ടുവില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി മാവോയിസ്റ്റുകളെ കുറ്റപ്പെടുത്തി. സുരക്ഷാ സേനയുടെ രണ്ട് സംഘത്തെ ക്ഷേത്രത്തില്‍ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് പശുപതിനാഥ് ക്ഷേത്രത്തിലെ രണ്ട് ഇന്ത്യന്‍ പുരോഹിതര്‍ക്ക് നേരെ ഒരു സംഘം മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്. അക്രമികള്‍ പുരോഹിതരെ മര്‍ദ്ദിക്കുകയും നഗ്നരാക്കി നിര്‍ത്തി വീഡിയോദൃശ്യങ്ങള്‍ എടുക്കുകയും വസ്ത്രങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

40 മുതല്‍ 50 വരെ വരുന്ന മാവോയിസ്റ്റുകള്‍ ഭക്തരെന്ന വ്യാജേന ഉച്ചയ്ക്ക് 1.30ഓടെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ഗിരീഷ് ഭട്ട, രാഗവേന്ദ്ര ഭട്ട എന്നിവരെ ശ്രീകോവിലില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ പുരോഹിതരെ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള പുരോഹിതരാണ് ആക്രമിക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :