പര്‍ദ്ദ നിര്‍ബന്ധമാക്കാനാവില്ലെന്ന് ബംഗ്ലാദേശ്

ധാക്ക| WEBDUNIA| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2010 (11:52 IST)
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലത്തും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിര്‍ബന്ധമല്ല എന്ന് ബംഗ്ലാദേശ് ഹൈക്കോടതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്കൂളില്‍ മുഖാവരണം നിര്‍ബന്ധമാക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്.

മതാചാര പ്രകാരമുള്ള വസ്ത്ര ധാരണം നടത്തുന്നത് വ്യക്തിപരമായ ഇഷ്ടമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും നിര്‍ബന്ധം ചെലുത്താനാവില്ല എന്നും കോടതി നിരീക്ഷണം നടത്തി. വിധി പ്രാ‍ബല്യത്തിലായതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഇനിമുതല്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കടും‌പിടുത്തം നടത്താനാവില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ മതാചാര പ്രകാരമുള്ള വസ്ത്രധാരണം നടത്തണമെന്ന് നിര്‍ബന്ധിക്കാനാവില്ല എന്ന് ബംഗ്ലാദേശ് ഹൈക്കോടതി ഏപ്രിലില്‍ വിധി പ്രസ്താവം നടത്തിയിരുന്നു. സ്കാര്‍ഫ് ധരിക്കാതെ സ്റ്റാഫ് മീറ്റിംഗിന് എത്തിയ ഒരു അധ്യാപികയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശകാരിച്ചതിനെതിരെ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു വിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :