ധാക്ക കലാപം: ചര്‍ച്ച പരാജയം

WEBDUNIA| Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (18:56 IST)
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബംഗ്ലാദേശ്‌ റൈഫിള്‍സ്‌ ആസ്ഥാനത്ത് കലാപം നടന്നതിനെ തുടര്‍ന്ന് അര്‍ദ്ധസൈനിക വിഭാഗമായ ബി ഡി ആറുമായി പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീന നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടു. ശമ്പള വര്‍ദ്ധനയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ബിഡിആര്‍ കലാപത്തിന് തിരികൊളുത്തിയത്. ജവാന്‍‌മാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറെ നേരം വെടിവയ്പ്പുണ്ടായതായാണ് വിവരം. അക്രമത്തില്‍ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരെ ജവാന്‍‌മാര്‍ ബന്ദികളാക്കുകയും ചെയ്തു.

ബിഡിആര്‍ സൈനികരുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ തയാറാണെന്നാണ്‌ പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല കൂടിയുള്ള ഹസീന വ്യക്‌തമാക്കിയിരിക്കുന്നത്‌. ഉടന്‍ തന്നെ ആയുധം താഴെ വച്ച് ബാരക്കുകളിലേക്ക് മടങ്ങണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് ആക്രമണം തുടങ്ങിയത്. നൂറോളം പേരാണ് കലാപം നടത്തിയത്.

അതേസമയം, പോരാട്ടം അവസാനിപ്പിക്കാന്‍ മൂന്ന്‌ കാര്യങ്ങളാണ്‌ ബിഡിആര്‍ ആവശ്യപ്പെടുന്നത്‌. ഷെയ്ഖ്‌ ഹസീനയുമായി നേരിട്ട്‌ ചര്‍ച്ചയ്ക്ക്‌ പുറമെ ബംഗ്ലാദേശ്‌ റൈഫിള്‍സ്‌ ആസ്ഥാനത്തു നിന്ന്‌ സൈനികരെ പിന്‍വലിക്കുക, സര്‍ക്കാര്‍ പൊതുമാപ്പ്‌ പറയുക എന്നിവയാണ്‌ ബിഡിആറിന്‍റെ ആവശ്യം. പൊതുമാപ്പ്‌ പറഞ്ഞാല്‍ മാത്രമേ ബന്ദികളാക്കിയ ജവാന്‍മാരെ മോചിപ്പിക്കൂ എന്നും ബിഡിആര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദീര്‍ഘകാലമായി അവഗണന നേരിടുന്ന സാഹചര്യത്തിലാണ്‌ പോരാട്ടത്തിന്‌ പുറപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥിതി നിയന്ത്രിക്കാന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. സൈനിക അട്ടിമറിയാണെന്ന്‌ ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്നു. ഇതിന് മുന്‍പും ബിഡിആര്‍ ഇത്തരത്തില്‍ കലാപം നടത്തിയിട്ടുണ്ട്. ആയുധം താഴെ വയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹസീന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :