തുര്‍ക്കി ഇറാഖ് ചര്‍ച്ച ഫലം കണ്ടില്ല

അങ്കാര| WEBDUNIA| Last Modified ശനി, 27 ഒക്‌ടോബര്‍ 2007 (10:11 IST)
വടക്കന്‍ ഇറാഖില്‍ തമ്പടിച്ചിരിക്കുന്ന കുര്‍ദ് തീവ്രവാദികളെ സംബന്ധിച്ച് ഇറാഖ് നയതന്ത്ര പ്രതിനിധി സംഘം മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ തുര്‍ക്കി തള്ളി. ഇറാഖിന്‍റെ നിദ്ദേശങ്ങളെക്കാളും ത്വരിത ഗതിയിലുള്ള നടപടികളാണ് പ്രശ്നപരിഹാരത്തിന് ആവശ്യം എന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

തുര്‍ക്കി ഇറാഖ് അതിര്‍ത്തിയില്‍ അന്താരാഷ്ട്ര സേനയെ നിയോഗിക്കുക. വടക്കന്‍ ഇറാഖിലെ വിമത പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അന്തരാഷ്ട്ര സമിതി രൂപീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇറാഖ് മുന്നോട്ടു വച്ചത്. ഇറാഖ് സംഘത്തിന്‍റെ ആത്മാര്‍ത്ഥതയെ പ്രശംസിച്ച തുര്‍ക്കി പക്ഷേ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാവാന്‍ സമയമെടുക്കുമെന്നും പകരം വേഗതയിലുള്ള നടപടിയാണ് ആവശ്യമെന്നും അറിയിച്ചു.

കുര്‍ദ് വിമത സംഘടനയായ പികെകെ നേതാക്കളുടെ ഒരു ലിസ്റ്റ് തന്നെ തുര്‍ക്കി ഇറാഖിന് നല്‍കി. ഇവരെ പിടികൂടി തുര്‍ക്കിക്ക് കൈമാറണം എന്നാണ് ആവശ്യം. ഇറാഖ് പ്രതിരോധമന്ത്രി അബ്ദുള്‍ ഖാദര്‍ മൊഹമദ് ജാസിം ആണ് അങ്കാരയിലെത്തിയ ഇറാഖ് സംഘത്തെ നയിക്കുന്നത്. ഇറാഖ് മന്ത്രി തുര്‍ക്കി വിദേശകാര്യമന്ത്രി അലി ബാബകാനുമായി വെള്ളിയാഴ്ചയാണ് ചര്‍ച്ച നടത്തിയത്.

ഒരു ലക്ഷത്തോളം സൈനികരെയാണ് തുര്‍ക്കി ഇറാഖ് അതിര്‍ത്തിയില്‍ യുദ്ധസജ്ജരായി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ് എര്‍ദോഗന്‍ നവംബര്‍ ആദ്യം നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം മാത്രമെ അതിര്‍ത്തി കടന്നുള്ള സൈനിക നടപടിയെ കുറിച്ച് തീരുമാനമെടുക്കു എന്ന് തുര്‍ക്കി സൈനിക വക്താവ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :