കണക്കില്‍ ലിംഗവ്യത്യാസമില്ല

WEBDUNIA| Last Modified ശനി, 31 മെയ് 2008 (14:26 IST)
കണക്കില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെക്കാള്‍ സാമര്‍ത്ഥ്യമുള്ളവരാണെന്നാണ് ഒരു ധാരണയുണ്ട്. എന്നാല്‍, ഇത് എത്രത്തോളം ശരിയാണെന്ന് അറിയാന്‍ അടുത്തിടെ ഒരു പഠനം നടന്നു.

കാലങ്ങളായി വച്ച് പുലര്‍ത്തുന്ന ധാ‍രണ തെറ്റാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. കണക്കിലെ പ്രാഗത്ഭ്യം ജൈവപരമോ സാമുഹ്യപരമോ ആണോ എന്നത് സംബന്ധിച്ച് ഗവേഷകര്‍ തമ്മില്‍ ദീര്‍ഘകാലമായി വാദപ്രതിവാദങ്ങള്‍ നടന്ന് വരികയായിരുന്നു.

പെണ്‍‌കുട്ടികള്‍ ക്ലാ‍സുകളില്‍ കണക്ക് നന്നായി കൈകാര്യം ചെയ്യാറുണ്ടെങ്കിലും ആഗോളമായി താരതമ്യം ചെയ്യുമ്പോള്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ നിഷ്പ്രഭരാക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളെ പോലെ വിദ്യാഭ്യാസത്തിലും മറ്റും മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കിയാല്‍ കണക്കിലെ ഈ ലിംഗ വ്യത്യാസം അനുഭവപ്പെടില്ലെന്ന് പഠനം നടത്തിയ അന്താരാഷ്ട്ര സംഘം കണ്ടെത്തി.

കണക്കിലെ ഈ ആണ്‍- പെണ്‍ വേര്‍തിരിവ് കൂടുതലും പരിതസ്ഥ്തികളുമാ‍യി ബന്ധപ്പെട്ടാണെന്ന് ഗവേഷകര്‍ പറയുന്നു. “ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ വിദ്യാഭ്യാസ അവസരങ്ങളുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നമില്ല” - പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ പൌല സപിയന്‍സ പറഞ്ഞു.

അന്താ‍രാഷ്ട്ര തലത്തിലുള്ള പരീക്ഷ എഴുതിയ 270000 പതിനഞ്ച് വയസ്കാരുടെ പ്രകടനം വിലയിരുത്തിയാണ് പഠന സംഘം ഈ നിഗമനത്തില്‍ എത്തിയത്. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്‌മെന്‍റിലെ സംഘമാണ് പഠനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :