കടുവയ്ക്ക് വിട, ചൈനയില്‍ മുയല്‍ വര്‍ഷം

WEBDUNIA|
PRO
ചൈനയില്‍ മുയല്‍ക്കുട്ടികളുടെ ബഹളം തുടങ്ങി! ചൈനീസ് കലണ്ടര്‍ പ്രകാരം 2011 ‘മുയല്‍ വര്‍ഷമാണ്’. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന മുയല്‍ വര്‍ഷത്തെ വരവേല്‍ക്കാന്‍ ജീവനുള്ളതും അല്ലാത്തതുമായ മുയലുകളെ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ചൈനക്കാര്‍. കഴിഞ്ഞ വര്‍ഷം ‘കടുവാ വര്‍ഷ’മായാണ് ആഘോഷിച്ചത്.

ചൈനയില്‍ ‘വസന്തോത്സവം’ എന്ന് അറിയപ്പെടുന്ന പുതുവര്‍ഷത്തിന്റെ ആഘോഷം 15 ദിവസം നീളും. ഔദ്യോഗിക അവധിയല്ല എങ്കില്‍ കൂടി ഓഫീസുകളും മറ്റും ഈ സമയം അടഞ്ഞ് കിടക്കും. അത്യാവശ്യ വിഭാഗങ്ങള്‍ മാത്രമായിരിക്കും ഇക്കാലത്ത് പ്രവര്‍ത്തിക്കുക.

ചൈനയില്‍ പുതുവര്‍ഷത്തെ കുറിച്ച് ധാരാളം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ കുടുംബാംഗങ്ങള്‍ തീന്‍‌മേശയില്‍ ഒത്തുകൂടും മുമ്പ് വസന്തത്തെ വരവേല്‍ക്കുന്നതിനായി വീടും പരിസരവും നന്നായി വൃത്തിയാക്കിയിരിക്കും. പുതുവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് കടങ്ങള്‍ വീട്ടുന്നതും വഴക്കുകള്‍ പറഞ്ഞു തീര്‍ക്കുന്നതും സാധാരണമാണ്.

കൈയിലുള്ള പണമെല്ലാം ബാങ്കില്‍ നിന്ന് പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കും. ആക്രമണ കാരിയും സാങ്കല്‍പ്പിക ജീവിയുമായ ‘നിയാനെ‘ അകറ്റാന്‍ കുട്ടികളെ ചുവപ്പ് നിറത്തിലുള്ള പുത്തന്‍ വസ്ത്രങ്ങള്‍ അണിയിപ്പിക്കുകയും വീടിന് ചുവപ്പ് നിറത്തിലുള്ള അലങ്കാരങ്ങള്‍ നല്‍കുകയും ചെയ്യും.

വിളയും സമ്പത്തും നശിപ്പിക്കുന്ന ഒരു ഭീകര ജീവിയാണ് ‘നിയാന്‍’ എന്നാണ് ചൈനക്കാരുടെ വിശ്വാസം. നിയാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനായി ചൈനക്കാര്‍ ഈ ഭീകര ജീവിക്കു വേണ്ടി വീടിനു വെളിയില്‍ ഭക്ഷണം ഉണ്ടാക്കി വയ്ക്കുമായിരുന്നത്രേ. ഒരിക്കല്‍, ചുവന്ന ഷര്‍ട്ട് ധരിച്ച കുട്ടിയെ കണ്ട് നിയാന്‍ നാടുവിട്ടോടിയെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. അങ്ങനെ ചുവപ്പ് നിറവും വസന്തോത്സവത്തിന്റെ ഭാഗമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :