ഐറീന്‍ കൊടുങ്കാറ്റില്‍ 18 മരണം

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ഐറീന്‍ കൊടുങ്കാറ്റ് യുഎസില്‍ നാശം വിതച്ചു. മരണ താണ്ഡവമാടിയ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 18 ആയി. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ കിഴക്കന്‍ തീരപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയെ നേരിടുകയാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഐറീന്‍ യുഎസില്‍ സംഹാര താണ്ഡവമാടിയത്.

കൊടുങ്കാറ്റില്‍ ഒരു ബില്യന്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊടുങ്കാറ്റില്‍ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി.

കൊടുങ്കാറ്റിന്റെ കെടുതി അവസാനിച്ചിട്ടില്ല എന്നും ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ നാല് ആഴ്ചയോളം നീളുമെന്നും പ്രസിഡന്റ് ബരാക്ക് ഒബാമ അറിയിച്ചു. ന്യൂജഴ്സി, പെന്‍സില്‍‌വാനിയ, കിഴക്കന്‍ ന്യൂയോര്‍ക്ക്, കണക്ടിക്യൂട്ട്, മസാച്ചുസെറ്റ്സ്, വെര്‍മോണ്ട്, ന്യൂഹാം‌ഷെയര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂയോര്‍ക്കില്‍ ഐറീന്‍ കനത്ത ഭീഷണിയാണ് ഉയര്‍ത്തിയത്. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍‌ മന്‍‌ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.

രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ന്യൂവാര്‍ക്ക് ലിബര്‍ട്ടി, ലാഗ്വാര്‍ഡിയ, ജോണ്‍ എഫ് കെന്നഡി എന്നീ വിമാനത്താവളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :