ഐഎസ്‌ഐക്ക് തീവ്രവാദ ബന്ധം: യുഎസ്

വാഷിംഗ്ടണ്‍| WEBDUNIA|
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് അമേരിക്ക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസ് സംയുക്ത സൈനിക മേധാവിയും നാവികസേന തലവനുമായ അഡ്മിറല്‍ മൈക് മുള്ളന്‍ ആവശ്യപ്പെട്ടു.

തീവ്രവാദികളെ നേരിടുന്നതിന് പാകിസ്ഥാന്‍ വര്‍ഷം തോറും 1.5 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനിടെയാണ് ഐഎസ്‌ഐക്കെതിരെ ആരോപണം പുറത്തു വന്നിരിക്കുന്നത്. പുതിയ അഫ്ഗാന്‍ - പാക് നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ഒബാമ പാകിസ്ഥാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

അഫ്ഗാനിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തികളിലും ഇന്ത്യയുമായുള്ള കിഴക്കന്‍ അതിര്‍ത്തികളിലും ഐഎസ്‌ഐ ഭീകരരെ സഹായിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. സിഎന്‍എന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിലെ താലിബാന്‍ പോരാളികള്‍ക്ക് ഐഎസ്‌ഐയുടെ സഹായം ലഭിക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് കുറച്ചു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിലെ തീവ്രവാദികള്‍ക്ക് ആക്രമണം നടത്തുന്നതിന് സാമ്പത്തിക സൈനിക സഹായവും തന്ത്രപരമായ സഹായവും നല്‍കുന്നത് ഐ എസ് ഐ ആണെന്നാണ് ആരോപണം.

എന്നാല്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ തീവ്രവാദികള്‍ക്ക്‌ പിന്തുണ നല്‍കുന്നില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്‌ഐക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നേരത്തേയും അമേരിക്ക ആരോപിച്ചിരുന്നു.

അതേസമയം അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് അമേരിക്കയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാനിലേയും അഫ്ഗാനിലേയും തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ലക്‍ഷ്യമിട്ടുകൊണ്ട് ഒബാമയുടെ പുതിയ നയം ആവിഷ്കരിച്ച സാഹചര്യത്തിലാണ് ലാദന്‍ പുതിയ നീക്കത്തിനൊരുങ്ങുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :