അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ജനുവരി 2026 (13:46 IST)
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്രാന്‍ മംദാനി അധികാരമേറ്റു. പുതുവര്‍ഷ പുലരിയില്‍ മാന്‍ഹട്ടണിലെ ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന ചടങ്ങിലായിരുന്നു
സത്യപ്രതിജ്ഞ ചടങ്ങ്. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലീം മേയറായ സൊഹ്‌റാന്‍ മംദാനി ഖുറാനില്‍ കൈവെച്ചാണ് സത്യവാചകം ചൊല്ലിയത്.
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ ലെറ്റിഷ്യ ജെയിംസാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും പദവിയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മംദാനി പ്രതികരിച്ചു. സാധാരണയായി സിറ്റി ഹാള്‍ മന്ദിരത്തില്‍ നടക്കാറുള്ള ചടങ്ങ് സബ് വേ ഹാളില്‍ നടത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കാനാണെന്ന് നിരീക്ഷകര്‍ വിലയിരുത്തൂന്നു. ന്യൂയോര്‍ക്ക് നഗരത്തീന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന സ്ഥലം എന്ന നിലയിലാണ് സബ് വേ സ്റ്റേഷനെ മംദാനി തിരെഞ്ഞെടുത്തത്. 1904ല്‍ നിര്‍മിച്ച് 1945ല്‍ ഉപേക്ഷിക്കപ്പെട്ടതാണ് പഴയ സിറ്റി ഹാള്‍ സബ് വേ സ്റ്റേഷന്‍.
എഴുത്തുക്കാരന്‍ മഹമ്മൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്ര സംവിധായക മീര നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഏഴാം വയസിലാണ് മംദാനി ന്യൂയോര്‍ക്കിലെത്തുന്നത്. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സൊഹ്‌റാന്‍ മംദാനി.