വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്, ട്രംപുമായി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്

Venezuela Vice president, Delcy Rodriguez,Maduro, Donald Trump,വെനസ്വേല വൈസ് പ്രസിഡൻ്റ്, ഡെൽസി റോഡ്രിഗസ്, മഡൂറോ,ഡൊണാൾഡ് ട്രംപ്
അഭിറാം മനോഹർ| Last Modified ഞായര്‍, 4 ജനുവരി 2026 (12:39 IST)
കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ വൈസ് പ്രസിഡന്റായ ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ച് വെനസ്വേല സുപ്രീം കോടതി.ഭരണഘടനാപരമായ തുടര്‍ച്ച ഉറപ്പാക്കാനും രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കാനുമാണ് ഈ അടിയന്തര നീക്കമെന്ന് കോടതി വ്യക്തമാക്കി.


മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ നീക്കത്തിലൂടെയാണ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യുഎസ് സേന പിടികൂടിയത്. നിലവില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കാല പ്രസിഡന്റായി നിയമിക്കപ്പെട്ടെങ്കിലും, മഡുറോയെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം തന്നെയാണ് വെനസ്വേലയുടെ ഏക പ്രസിഡന്റെന്നുമാണ് ഡെല്‍സി റോഡ്രിഗസിന്റെ നിലപാട്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്നും മഡൂറോയേയും ഭാര്യയേയും മോചിപ്പിക്കണമെന്നും അവര്‍ ആരോപിച്ചു.


മഡുറോയുടെ അഭാവത്തില്‍ വെനസ്വേലയുടെ ഭരണം താല്‍ക്കാലികമായി അമേരിക്കയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണശേഷം പ്രഖ്യാപിച്ചിരുന്നു.എണ്ണസമ്പന്നമായ ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ പുനരുദ്ധരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും യുഎസ് പറഞ്ഞിരുന്നു. അതേസമയം യുഎസുമായി റോഡ്രിഗസ് ആശയവിനിമയം നടത്തിയെന്നും വാഷിങ്ങ്ടണുമായി സഹകരിക്കാന്‍ സമ്മതിച്ചെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആരാണ് ഡെല്‍സി റോഡ്രിഗസ്?

വെനസ്വേലന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമാണ് 56-കാരിയായ ഡെല്‍സി റോഡ്രിഗസ്. അന്തരിച്ച മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വിശ്വസ്തയും മഡുറോ സര്‍ക്കാരിലെ രണ്ടാമനുമായിരുന്നു ഇവര്‍. വിദേശകാര്യ മന്ത്രിയായും രാജ്യത്തെ എണ്ണ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വെനസ്വേലയുടെ നിലപാടുകള്‍ കര്‍ക്കശമായി അവതരിപ്പിക്കുന്നതില്‍ ഡെല്‍സി പ്രശസ്തയാണ്. സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചിരുന്ന ഡെല്‍സിയെ കടുവ എന്നായിരുന്നു മഡുറോ വിശേഷിപ്പിച്ചിരുന്നത്.

1970കളില്‍ ലിഗ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ഗറില്ല പോരാളി ജോര്‍ജ് ആന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെല്‍സി റോഡ്രിഗസ്. 2013ല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയായും 2014-2017 കാലത്ത് വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024 മുതല്‍ വെനസ്വേലയുടെ ഓയില്‍ മന്ത്രാലയത്തിന്റെ ചുമതല ഡെല്‍സി റോഡ്രിഗസിനാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :