അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ജനുവരി 2026 (15:11 IST)
വാഷിംഗ്ടണ്‍: വെനസ്വേലയിലെ രാഷ്ട്രീയ അട്ടിമറിക്കും നിക്കോളാസ് മഡുറോയുടെ അറസ്റ്റിനും പിന്നാലെ വെനസ്വേലയില്‍ നിന്ന് 3 മുതല്‍ 5 കോടി ബാരല്‍ വരെ ഉയര്‍ന്ന ഗുണമേന്മയുള്ള ക്രൂഡ് ഓയില്‍ അമേരിക്ക ഏറ്റെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെനസ്വേലയില്‍ നിന്നുള്ള എണ്ണ സംഭരണ കപ്പലുകള്‍ വഴി നേരിട്ട് അമേരിക്കന്‍ തുറമുഖങ്ങളില്‍ എത്തിക്കും. യുഎസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റ് ഈ പദ്ധതി ഉടനടി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. എണ്ണ വില്പനയിലൂടെ ലഭിക്കുന്ന തുക അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ഈ തുക അമേരിക്കയിലെയും വെനസ്വേലയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയിലെ എണ്ണ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച ട്രംപ് പ്രമുഖ അമേരിക്കന്‍ എണ്ണക്കമ്പനികളായ എക്സോണ്‍ (Exxon), ഷെവ്റോണ്‍ (Chevron), കൊണോക്കോ ഫിലിപ്സ് (ConocoPhillips) എന്നിവയുടെ പ്രതിനിധികളുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.
നിലവിലെ വിപണി വിലയനുസരിച്ച് ഏതാണ്ട് 2.8 ബില്യണ്‍ ഡോളറിന്റെ ഇടപാടാണിത്. മഡുറോയ്ക്ക് ശേഷം വെനസ്വേലയുടെ സ്വാഭാവിക വിഭവങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ ഭരണം പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.