അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2025 (18:25 IST)
റഷ്യയില്‍ നിന്നുമുള്ള എണ്ണയുടെ വലിയ ഗുണഭോക്താവായിട്ടും ചൈനയെ എന്തുകൊണ്ട് അധികതീരുവയില്‍ നിന്നും ഒഴിവാക്കി എന്നതില്‍ പ്രതികരണവുമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വാങ്ങുന്നതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് മുകളില്‍ 25 ശതമാനം അധിക തീരുവ ചുമത്തിയ യുഎസ് ചൈനയ്‌ക്കെതിരെ നടപടികളില്‍ നിന്നും വിട്ടുനിന്നിരുന്നു.ഇതിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ആഗോളവിപണിയില്‍ മറിച്ചുവില്‍ക്കുകയാണ് ചൈന ചെയ്യുന്നതെന്നും ചൈനയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തുന്ന അധിക തീരുവ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ത്താന്‍ കാരണമാകുമെന്നും റൂബിയോ പറയുന്നു. ചൈനയുടെ എണ്ണയുടെ ഉപഭോതാക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ട സാഹചര്യം വരും കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളടക്കം ഇതില്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് റൂബിയോ പറഞ്ഞു.