ചൈന ലോകത്തെ പറ്റിക്കുന്നു, രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നു, ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക

നിരായുധീകരണ ചര്‍ച്ചകളില്‍ പങ്കുചേരാന്‍ പദ്ധതിയില്ലെന്ന് ചൈന

USA - China
രേണുക വേണു| Last Modified ശനി, 7 ഫെബ്രുവരി 2026 (11:44 IST)
അമേരിക്ക-റഷ്യ ആണവായുധ നിയന്ത്രണ കരാര്‍ അവസാനിച്ച സന്ദര്‍ഭത്തില്‍ ചൈനയെ ഉള്‍പ്പെടുത്തി പുതിയ ത്രികക്ഷി ഉടമ്പടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ചൈന രഹസ്യമായി ആണവപരീക്ഷണങ്ങള്‍ നടത്തുകയാണെന്നും വന്‍തോതില്‍ ആയുധശേഖരം വര്‍ധിപ്പിക്കുകയാണെന്നും റൂബിയോ പറഞ്ഞു. അതേസമയം നിരായുധീകരണ ചര്‍ച്ചകളില്‍ പങ്കുചേരാന്‍ പദ്ധതിയില്ലെന്ന് ചൈന വ്യക്തമാക്കി.


2020 ജൂണില്‍ ചൈന രഹസ്യ ആണവ പരീക്ഷണം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് അമേരിക്ക ഉന്നയിച്ചത്. ഇത്തരം പരീക്ഷണങ്ങള്‍ ഉടമ്പടികളുടെ ലംഘനമായതിനാല്‍ ചൈന വിവരങ്ങള്‍ രഹസ്യമാക്കി വെച്ചെന്നും അമേരിക്കന്‍ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. അതേസമയം അമേരിക്ക നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളാണെന്ന് ചൈന പ്രതികരിച്ചു.


റഷ്യ-യുഎസ് തമ്മിലുള്ള 'ന്യൂ സ്റ്റാര്‍ട്ട്' കരാര്‍ കാലഹരണപ്പെട്ടതോട് കൂടിയാണ് ചൈനയെ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള കരാറിനായി യുഎസ് രംഗത്ത് വന്നിരിക്കുന്നത്. യുഎസ്-റഷ്യ എന്നിവരാണ് നിലവില്‍ ലോകത്തെ ആണവായുധ ശേഖരത്തിന്റെ 90 ശതമാനവും കയ്യില്‍ വെയ്ക്കുന്നത്. എന്നാല്‍ ഈ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായി ന്യൂക്ലിയര്‍ ടെക്‌നോളജിയില്‍ ചൈന വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആണവായുധ നിയന്ത്രണ ഉടമ്പടികളിലൊന്നും തന്നെ ചൈന പങ്കാളിയുമല്ല.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :