ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

Donald Trump
അഭിറാം മനോഹർ| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2025 (15:30 IST)
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ പ്രമേയം. യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലെ 3 അംഗങ്ങളാണ് വെള്ളിയാഴ്ച പ്രമേയം അവതരിപ്പിച്ചത്. ട്രംപിന്റെ നടപടികള്‍ നിയമവിരുദ്ധവും യുഎസ്- ഇന്ത്യ ബന്ധത്തിന് ദോഷകരമാണെന്നും പ്രമേയത്തില്‍ പറയുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റിന്റെ അടിയന്തിര അധികാരങ്ങള്‍ പരിമിതപ്പെടുത്താനും ഇന്ത്യയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ റദ്ദാക്കാനുമാണ് പ്രമേയം ലക്ഷ്യമിടുന്നത്.

ഡെബോറ റോസ്, മാര്‍ക്ക് വീസി, രാജ കൃഷ്ണമൂര്‍ത്തി എന്നീ അംഗങ്ങളാണ് പ്രമേയത്തിന് നേതൃത്വം നല്‍കുന്നത്. ബ്രസീലിന് മുകളിലുള്ള സമാനമായ തീരുവകള്‍ അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യ്യപ്പെടുന്നു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം യുഎസ് സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ലൈഫ് സയന്‍സസ്, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യ ഒരു പ്രധാന സാംസ്‌കാരിക, സാമ്പത്തിക, തന്ത്രപരമായ പങ്കാളിയാണ്. ഈ നിയമവിരുദ്ധ തീരുവകള്‍ സാധാരണ ജനങ്ങള്‍ക്ക് മുകളിലുള്ള നികുതിയാണ്.


കാരണം ഈ നികുതികള്‍ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നു, അമേരിക്കന്‍ തൊഴിലാളികള്‍ക്ക് തന്നെ ദോഷകരമാകുന്നുവെന്നും ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇന്ത്യ- യുഎസ് ബന്ധം പുനസ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് ഡെമോക്രാറ്റുകളുടെ വിശാലനീക്കത്തിന്റെ ഭാഗമായാണ് പ്രമേയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :