അഭിറാം മനോഹർ|
Last Modified വെള്ളി, 9 ജനുവരി 2026 (14:18 IST)
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്കെതിരെ ഉറച്ച പ്രതികരണവുമായി ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍. വെനസ്വേലയില്‍ സൈനികമായി ഇടപെട്ട് പ്രസിഡന്റ് നിക്കോളാസ് മദുറോയെ തട്ടിക്കൊണ്ടുപോയതിനു ശേഷമാണ് ആർട്ടിക്കിലെ റഷ്യന്‍ ഇടപെടല്‍ അമേരിക്കയ്ക്ക് ഭീഷണിയാണെന്നും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഡെന്മാര്‍ക്ക് അതിര്‍ത്തിയിലേക്ക് ആര് അതിക്രമിച്ച് കടന്നാലും അധികാരികളില്‍ നിന്ന് ഉത്തരവിന് കാക്കേണ്ടതില്ലെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
57,000 ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് തന്ത്രപ്രധാനമായ സ്ഥാനത്താണ്. ചൈനയുടെയും റഷ്യയുടെയും ആര്‍ട്ടിക് സൈനിക സാന്നിധ്യം വര്‍ധിക്കുന്നതിനാല്‍ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ 1951 മുതല്‍ നിലവിലുള്ള കരാര്‍ പ്രകാരം അമേരിക്കയ്ക്ക് ഡെന്മാര്‍ക്കിന്റെ സമ്മതത്തോടെ ഗ്രീന്‍ലാന്‍ഡില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് പ്രദേശം കൈപ്പിടിയില്‍ ഒതുക്കാനുള്ള അവകാശമല്ലെന്നാണ് ഡെന്മാര്‍ക്ക് വ്യക്തമാക്കുന്നത്.
അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കുകയാണെങ്കില്‍ എല്ലാം അവസാനിക്കുമെന്നും ഡാനിഷ് പ്രധാനമന്ത്രി
മെറ്റെ ഫ്രെഡറിക്‌സണ്‍ വ്യക്തമാക്കി.