രേണുക വേണു|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (11:01 IST)
ഏപ്രില്‍ 3-ന് ഇറാന്‍ വെടിവെച്ചിട്ട F-15E ഫൈറ്റര്‍ ജെറ്റിലെ രണ്ടാമത്തെ പൈലറ്റിനെ രക്ഷിക്കാനെന്ന പേരില്‍ അമേരിക്ക നടത്തിയ രക്ഷാദൗത്യം ഇറാന്റെ യുറേനിയം മോഷ്ടിക്കാനുള്ള യുഎസ് ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന ആരോപണവുമായി ഇറാന്‍.
യുഎസ് സൈന്യം ഇറങ്ങിയ പ്രദേശവും പൈലറ്റ് ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കൊഹ്ഗിലൂയേ-ബോയര്‍-അഹ്‌മദ് പ്രവിശ്യയും തമ്മില്‍ വലിയ ദൂരമുണ്ടെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വ്യക്തമാക്കിയത്. ഇത് ലളിതമായ പൊരുത്തക്കേടല്ല, മറിച്ച് മറ്റെന്തോ ഓപ്പറേഷന്‍ മറച്ചുവെയ്ക്കാനുള്ള ശ്രമം മാത്രമാണെന്ന് ഇറാന്‍ പറയുന്നു.
ഇറാന്റെ സമ്പുഷ്ട യുറേനിയം
കൈക്കലാക്കാനുള്ള ശ്രമമാണ് രക്ഷാദൗത്യത്തിന്റെ മറവില്‍ അമേരിക്ക ശ്രമിച്ചതെന്ന് ബഖായി ആരോപിച്ചു. രക്ഷാദൗത്യത്തിന്റെ ഭാഗമായി നിരവധി യുദ്ധവിമാനങ്ങളും മറ്റും അമേരിക്കയ്ക്ക് നഷ്ടമായിരുന്നു. ഇറാന്‍ വാഹനവ്യൂഹവുമായി നേരിട്ടുള്ള ഏറ്റുമുട്ടലും നടന്നു. ശത്രുക്കളുടെ കൈകളില്‍ പെടാതിരിക്കാന്‍ 2 വിമാനങ്ങള്‍ യുഎസ് തകര്‍ക്കുകയും ചെയ്തിരുന്നു.
ഇറാന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സമ്പുഷ്ട യുറേനിയം സ്വന്തമാക്കി ഇറാന്റെ ആണവശേഷി ഇല്ലാതെയാക്കിയെന്ന് പ്രഖ്യാപിക്കാനും യുദ്ധം അവസാനിപ്പിക്കാനും അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ടാകാമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു. അതേസമയം ഹോര്‍മുസ് തുറക്കാന്‍ അമേരിക്ക അനുവധിച്ച സമയപരിധി ഇറാന്‍ വീണ്ടും തള്ളി. ഇറാന്‍- അമേരിക്ക സമാധാന ചര്‍ച്ചകളിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.