അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
- പശ്ചിമേഷ്യൻ സംഘർഷം: വിതരണം മെച്ചപ്പെട്ടിട്ടും ആഗോള ഊർജ വിപണിയിൽ അനിശ്ചിതത്വം തുടരുന്നു
- യൂറോപ്പിലെ ഉഷ്ണതരംഗം അപകടകരമാകുന്നു: ജര്‍മ്മനിയില്‍ ട്രാഫിക് ലൈറ്റുകള്‍ ഉരുകുന്നു, ഫ്രാന്‍സിലും സ്പെയിനിലും റോഡുകള്‍ വിണ്ടുകീറി
- എ ഐ നിരീക്ഷണം ശക്തമാക്കി ചൈനയിൽ പുതിയ നിയമം, പേട്രിയറ്റിലെ പെരിസ്കോപ് പോലെയാണോ കാര്യങ്ങൾ ?
- ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി
സ്കൂൾ അവധി മുതൽ പാർക്കിംഗ്, റെയിൽ, കോൺസുലർ സേവനങ്ങൾ വരെ, ജൂലൈയിൽ യുഎഇയിൽ വരുന്നത് വലിയ മാറ്റങ്ങൾ!
യുഎഇയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും കുടുംബങ്ങളെയും ബാധിക്കുന്ന നിരവധി ഭരണപരവും സേവനപരവുമായ മാറ്റങ്ങള്‍ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദ്യാഭ്യാസം, ഗതാഗതം, പാര്‍ക്കിംഗ്, ബിസിനസ്, കോണ്‍സുലര്‍ സേവനങ്ങള്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളിലായി നടപ്പാക്കിയ പുതിയ തീരുമാനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഈ മാറ്റങ്ങള്‍ അറിയുകയും അതനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുകയും ചെയ്യേണ്ട സാഹചര്യമാണുള്ളത്.
സ്കൂളുകള്‍ക്ക് രണ്ടുമാസത്തെ വേനല്‍ അവധി
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് കലണ്ടര്‍ പ്രകാരം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഔദ്യോഗികമായി വേനല്‍ അവധി ആരംഭിച്ചു. ഏകദേശം രണ്ടുമാസം നീളുന്ന അവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 31-ന് ആരംഭിക്കും. ദുബൈയിലെ പല സ്വകാര്യ സ്കൂളുകളിലും അവധി ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും.
ഷാര്‍ജയില്‍ അര്‍ധരാത്രിവരെ പണമടച്ച് പാര്‍ക്കിംഗ്
ജൂലൈ 1 മുതല്‍ ഷാര്‍ജ എമിറേറ്റിലെ എല്ലാ പെയ്ഡ് പാര്‍ക്കിംഗ് മേഖലകളിലും അര്‍ധരാത്രി 12 മണിവരെ പാര്‍ക്കിംഗ് ഫീസ് ഈടാക്കും. മുമ്പ് വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത സമയക്രമങ്ങളായിരുന്നുവെങ്കിലും ഇനി ഏകീകൃത സംവിധാനം നിലവില്‍ വന്നു. ഷാര്‍ജ സിറ്റി, കല്‍ബ, ഖോര്ഫക്കാന്, അല്‍ ദൈദ് എന്നിവിടങ്ങളിലെല്ലാം പുതിയ സമയം ബാധകമാണ്. രാത്രി യാത്ര ചെയ്യുന്നവരും ജോലി ചെയ്യുന്നവരും പാര്‍ക്കിംഗ് സമയം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തിഹാദ് റെയില്‍ യാത്രാ സേവനത്തിന് തുടക്കം
യുഎഇയുടെ ദീര്‍ഘകാല സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ യാത്രാ സര്‍വീസിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന സര്‍വീസാണ് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. ഏകദേശം ഒരു മണിക്കൂര്‍ 45 മിനിറ്റില്‍ യാത്ര പൂര്‍ത്തിയാക്കാനാകുന്ന ഈ സേവനം വരും മാസങ്ങളില്‍ ദുബൈ, ഷാര്‍ജ ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തിനുള്ളിലെ യാത്ര കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും മാറുമെന്നാണ് പ്രതീക്ഷ.
ബിസിനസ് മേഖലയിലേക്ക് ഇ-ഇന്‍വോയ്സിംഗ്
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ സര്‍ക്കാര്‍ ഇ-ഇന്‍വോയ്സിംഗ് സംവിധാനത്തിന്റെ ആദ്യഘട്ടം ജൂലൈ 1 മുതല്‍ നടപ്പാക്കി. ആദ്യം വലിയ വരുമാനമുള്ള സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത്. ഘട്ടംഘട്ടമായി എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കും. നികുതി റിപ്പോര്‍ട്ടിംഗ് കൂടുതല്‍ സുതാര്യമാക്കുകയും വ്യാപാര ഇടപാടുകള്‍ ഡിജിറ്റലാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.
ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ കോണ്‍സുലര്‍ സേവന സംവിധാനം
യുഎഇയിലെ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി പുതിയ ഔട്ട്സോഴ്സ് സേവനദാതാവിനെ നിയമിച്ചു. ജൂലൈ മുതല്‍ Alhind Tours and Travels LLC രാജ്യത്തുടനീളം ഈ സേവനങ്ങള്‍ കൈകാര്യം ചെയ്യും. ഏഴ് എമിറേറ്റുകളിലുമായി 16 സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. 35 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ മാറ്റം ബാധകമാകും.
ദുബൈ സമ്മര്‍ സര്‍പ്രൈസസ് വീണ്ടും
ജൂലൈ 2 മുതല്‍ ഓഗസ്റ്റ് 30 വരെ നടക്കുന്ന Dubai Summer Surprises ഷോപ്പിംഗ് ഫെസ്റ്റിവലും ആരംഭിച്ചു. വന്‍ വിലക്കിഴിവുകള്‍, കുടുംബ വിനോദ പരിപാടികള്‍, സമ്മാന പദ്ധതികള്‍, ഹോട്ടല്‍ ഓഫറുകള്‍ എന്നിവയിലൂടെ ആഭ്യന്തര ടൂറിസത്തിനും റീട്ടെയില്‍ മേഖലയ്ക്കും ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യം. വേനല്‍ക്കാലത്ത് ഷോപ്പിംഗിനും വിനോദത്തിനുമായി എത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇത് വലിയ ആകര്‍ഷണമായിരിക്കും.