അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (08:05 IST)
വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ജനാധിപത്യ സര്‍ക്കാരിന് ശരിയായ അധികാരകൈമാറ്റം നടക്കുന്നത് വരെ വെനസ്വേലയില്‍ അമേരിക്ക ഭരണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ളോറസും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ അമേരിക്ക ആധിപത്യം പുനസ്ഥാപിച്ചതായും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ അവസ്ഥ വരാമെന്നും പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയാ ഫ്‌ളോറസിനെയും ന്യൂയോര്‍ക്കിലെ ന്യൂബര്‍ഗിലുള്ള സ്റ്റിയുവര്‍ട്ട് എയര്‍ഫോഴ്‌സ് ബേസില്‍ എത്തിച്ചത്.
ഇവിടെ നിന്ന് ഇരുവരെയും ഹെലികോപ്റ്ററില്‍ മാന്‍ഹട്ടനിലേക്ക് കൊണ്ടുപോകും. ഇവിടെയാകും 2 പേരെയും ചോദ്യം ചെയ്യുക. തുടര്‍ന്ന് ഇരുവരെയും ഹെലികോപ്റ്ററില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലെത്തിക്കും. ഇവിടെയാകും ഇരുവരെയും തടവില്‍ പാര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നാര്‍ക്കോ ഭീകരവാദം, കൊക്കെയ്ന്‍ ഇറക്കുമതിക്കുള്ള ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.