സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 8 ജനുവരി 2026 (11:58 IST)
ഇനിയും റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 500 ശതമാനം നികുതിയേര്‍പ്പെടുത്തുമെന്ന് ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി. 500 ശതമാനം താരിഫ് ചുമത്താന്‍ ഉള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. യുദ്ധ സന്നാഹങ്ങള്‍ക്ക് റഷ്യയുടെ സാമ്പത്തിക സ്രോതസ്സ് തടയാന്‍ ലക്ഷ്യമിട്ടാണ് ബില്ല് അവതരിപ്പിച്ചത്.
എണ്ണയ്ക്ക് പുറമേ റഷ്യന്‍ യൂറേനിയം വാങ്ങുന്നവര്‍ക്കും നികുതി ബാധകമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയുടേയും ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ഉള്‍പ്പെടെ 66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് യുഎസ് പിന്മാറി. അമേരിക്കയുടെ 'താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ' അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും കണ്‍വെന്‍ഷനുകളില്‍ നിന്നും, ഉടമ്പടികളില്‍ നിന്നും അമേരിക്ക പിന്മാറാന്‍ നിര്‍ദ്ദേശിക്കുന്ന മെമ്മോറാണ്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.
വൈറ്റ് ഹൗസ് പങ്കിട്ട പ്രസിഡന്‍ഷ്യല്‍ മെമ്മോറാണ്ടയിലെ പ്രസ്താവനയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. അതില്‍ 35 യുഎന്‍ ഇതര സംഘടനകളില്‍ നിന്നും 31 യുഎന്‍ സ്ഥാപനങ്ങളില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചു. ഇന്ത്യയും ഫ്രാന്‍സും നയിക്കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍), ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് തുടങ്ങിയ പ്രധാന പരിസ്ഥിതി സ്ഥാപനങ്ങള്‍ യുഎന്‍ ഇതര സംഘടനകളില്‍ ഉള്‍പ്പെടുന്നു.