1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump's Last minute announcement airstrikes against iran canceled deal imminent

യൂ ടേൺ!, അവസാന നിമിഷം ഇറാനെതിരെയുള്ള വ്യോമാക്രമണം റദ്ദാക്കി ട്രംപ്; സമാധാന കരാർ ഉടനെന്ന് പ്രഖ്യാപനം, കരുതലോടെ ഇറാൻ

ഇറാന്റെ പരമോന്നത നേതൃത്വവുമായി നയതന്ത്ര ചർച്ചകൾ ഉയർന്ന തലത്തിൽ പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി.

Donald Trump cancels airstrike
പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലെത്തിയ സൈനിക നീക്കങ്ങൾക്കൊടുവിൽ അപ്രതീക്ഷിത നയതന്ത്ര യു-ടേണുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്താനിരുന്ന ശക്തമായ വ്യോമാക്രമണങ്ങളും ബോംബിങ്ങുകളും അവസാന നിമിഷം റദ്ദാക്കിയതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടെഹ്‌റാനുമായുള്ള സമാധാന ചർച്ചകളിൽ നിർണ്ണായക പുരോഗതിയുണ്ടായതായും യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രം (MoU) ഈ വാരാന്ത്യത്തോടെ ഒപ്പുവെച്ചേക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
 
ഇറാനെ "വളരെ കഠിനമായി" ആക്രമിക്കുമെന്നും അവരുടെ പ്രധാന എണ്ണക്കടത്ത് കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കകമാണ് ഈ നാടകീയമായ പിന്മാറ്റം. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ അടിയന്തര പ്രഖ്യാപനം നടത്തിയത്. ഇറാന്റെ പരമോന്നത നേതൃത്വവുമായി നയതന്ത്ര ചർച്ചകൾ ഉയർന്ന തലത്തിൽ പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി.
 
 "ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമാവുകയും ഇരുവിഭാഗവും ചില അടിസ്ഥാനപരമായ കാര്യങ്ങളിൽ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ഇന്ന് രാത്രി ഇറാനിൽ നടത്താനിരുന്ന എല്ലാ വ്യോമാക്രമണങ്ങളും ഞാൻ റദ്ദാക്കുകയാണ്. കരാറിന്റെ അന്തിമ രൂപരേഖ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള പ്രാദേശിക ശക്തികൾ അംഗീകരിച്ചിട്ടുണ്ട്. ഒപ്പുവെക്കേണ്ട സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കും." - ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
 
ഈ കരാർ വഴി ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കുമെന്നും യൂറോപ്പിൽ വെച്ചാകും ഒപ്പുവെക്കൽ ചടങ്ങെന്നും പിന്നീട് ഓവൽ ഓഫീസിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ട്രംപ് പറയുകയും ചെയ്തു.
 
 
അതേസമയം, സമാധാന കരാർ അന്തിമമായി എന്ന ട്രംപിന്റെ പ്രസ്താവന ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇറാൻ തയ്യാറായിട്ടില്ല. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന കാര്യം ശരിയാണെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മുപ്പതിലധികം തവണ ട്രംപ് സമാനമായ രീതിയിൽ  കരാർ ഉടനുണ്ടാകുമെന്ന എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് ഇറാനിയൻ മാധ്യമങ്ങളും പറയുന്നു.
 
ആക്രമണം താൽക്കാലികമായി റദ്ദാക്കിയെങ്കിലും ഹോർമൂസ് കടലിടുക്കിൽ ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം (Naval Blockade) പൂർണ്ണ ശക്തിയോടെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കരാർ പൂർണ്ണമായി ഒപ്പുവെക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ നീക്കില്ല. ട്രംപിന്റെ സമാധാന പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇതുവരെ കണ്ട ഇറാന്‍ ആയിരിക്കില്ല ഇനിയങ്ങോട്ട്; ട്രംപിന് താക്കീത് നല്‍കി ഇറാന്‍