ന്യൂക്ലിയർ പ്രശ്നം പരിഹരിക്കാം, ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുടിൻ, പറ്റില്ലെന്ന് ട്രംപ്
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസും ഇസ്രയേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന നിര്‍ദേശമാണ് പുടിന്‍ മുന്നോട്ട് വെച്ചത്.ഈ നിര്‍ദേശമാണ് ട്രംപ് തള്ളികളഞ്ഞത്.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ആഗോള ഇന്ധനവിലയേയും രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയേയും ബാധിക്കുന്ന അവസ്ഥയിലാണ് ഇത്തരമൊരു നിര്‍ദേശം റഷ്യ മുന്നോട്ട് വെച്ചത്. അതേസമയം ഇറാന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യന്‍ സഹായമുണ്ടോ എന്ന കാര്യം അമേരിക്ക സംശയിക്കുന്നുണ്ട്. ഇതാണ് ട്രംപ് നിര്‍ദേശം തള്ളാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ ആഴ്ചയാദ്യം ഇരുനേതാക്കളും നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് പുടിന്‍ പുതിയ വാഗ്ദാനം മുന്നോട്ട് വെച്ചത്. റഷ്യ ഇറാന് സഹായങ്ങള്‍ നല്‍കുന്നുണ്ടാകാമെന്ന് അമേരിക്കന്‍ ടെലിവിഷന്‍ ഷോയില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു. അതേസമയം റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ ട്രംപ് നീക്കിയതോടെ കടലില്‍ കുടുങ്ങിക്കിടന്ന എണ്ണ വില്‍ക്കാന്‍ റഷ്യയ്ക്ക് നിലവില്‍ സാധിക്കുന്നുണ്ട്. ഇതുവഴി 10 ബില്യണ്‍ ഡോളറിലധികം വരുമാനം റഷ്യയ്ക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലാണ്.