അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (15:49 IST)
ഗാസയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഫ്‌ളോറിഡയിലെ ട്രംപിന്റെ മാര്‍- എ - ലാഗോ റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച. ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
നെതന്യാഹുവിനെ വാനോളം പ്രശംസിച്ച ട്രംപ് അദ്ദേഹത്തെ യുദ്ധകാല പ്രധാനമന്ത്രി എന്നാണ് വിശേഷിപ്പിച്ചത്. നെതന്യാഹു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഇസ്രായേല്‍ ഇന്ന് നിലനില്‍ക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിനെ അപകടകരമായ ഘട്ടത്തില്‍ നിന്ന് നെതന്യാഹു രക്ഷിച്ചു. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും മുന്‍പ് ഹമാസ് പൂര്‍ണ്ണമായും നിരായുധരാകണമെന്നും ട്രംപ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതേസമയം ഇറാന്റെ ആണവപദ്ധതികള്‍ക്ക് നേരെ കൂടുതല്‍ യുഎസ് ആക്രമണങ്ങള്‍ വേണമെന്ന് നെതന്യാഹു ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.