അഭിറാം മനോഹർ|
Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (17:35 IST)
പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചടുക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് മുസ്ലീം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പടിഞ്ഞാറന്‍- ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ മുസ്ലീം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പ് നല്‍കിയതെന്ന് പൊളിറ്റിക്കോയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗാസയ്ക്ക് പുറകെ വെസ്റ്റ് ബാങ്കിലേക്കും ആക്രമണം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുന്നതിനിടെയാണ് വിഷയത്തില്‍ മുസ്ലീം രാജ്യങ്ങള്‍ക്ക് ട്രംപ് ഉറപ്പ് നല്‍കിയത്.മുസ്ലീം നേതാക്കളുമായി നടത്തിയ യോഗത്തില്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുമെന്നും യുദ്ധാനന്തര ഭരണ സംവിധാനം സ്ഥാപിക്കാനായി 21 ഇന നിര്‍ദേശങ്ങളും ട്രംപ് അവതരിപ്പിച്ചു.
ലോകമെങ്ങുനിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഗാസയ്ക്ക് മുകളിലുള്ള ആക്രമണം നെതന്യാഹുവും ഇസ്രായേല്‍ സേനയും കഴിഞ്ഞ ദിവസങ്ങളിലായി കടുപ്പിച്ചിരിക്കുകയാണ്. പലസ്തീനെ രാജ്യമാക്കി പല രാജ്യങ്ങളും അംഗീകരിച്ചിട്ടും വെസ്റ്റ് ബാങ്കിലേക്ക് ജൂത കുടിയേറ്റം വ്യാപിപ്പിക്കുമെന്ന നിലപാടിലാണ് നെതന്യാഹു. വെസ്റ്റ് ബാങ്കിനെ ബൈബിളിലെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് നെതന്യാഹു പറഞ്ഞത്. ജൂദിയയിലും സമരിയയിലും ജൂത കുടിയേറ്റം ഇരട്ടിയാക്കും വെസ്റ്റ് ബാങ്കിനെ കുറിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.