രേണുക വേണു|
Last Modified ശനി, 28 ഫെബ്രുവരി 2026 (07:33 IST)
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വളരെ വേഗം പരിഹരിക്കാന്‍ തനിക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുടെ നേതൃത്വവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അവിടത്തെ ഭരണനേതൃത്വത്തെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രിയും ആര്‍മി ചീഫും മികച്ച രീതിയിലാണ് ഭരണം നടത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
2,600 കിലോമീറ്റര്‍ നീളം വരുന്ന പാക്- അഫ്ഗാന്‍
അതിര്‍ത്തിയില്‍ ഒക്ടോബറില്‍ ആരംഭിച്ച ഏറ്റുമുട്ടലുകള്‍ ഇരുഭാഗത്തും ഒരുപാട് മരണങ്ങള്‍ സൃഷ്ടിച്ചിരുന്നു. അഫ്ഗാന്റെ പ്രധാനനഗരങ്ങളായ കാബൂള്‍,കാണ്ഡഹാര്‍, പക്തിയ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തുറന്ന പോരിലേക്ക് നീങ്ങിയത്. താലിബാന്‍ ഭരണകൂടം ഭീകരവാദികള്‍ക്ക് താവളമൊരുക്കുന്നതായാണ് പാകിസ്ഥാന്റെ ആരോപണം.
ഖത്തറിലും ഇസ്താന്‍ബൂളിലും തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടന്നുവെങ്കിലും സ്ഥിരമായ ഒരു പരിഹാരം ഇനിയും കൈവരിക്കാനായിട്ടില്ല. ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ശത്രുത അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ട്രംപ് ഇടപെടല്‍ വാഗ്ദാനവുമായി രംഗത്ത് എത്തിയത്. 'ഞാന്‍ പാകിസ്ഥാനുമായി വളരെ നല്ല ബന്ധത്തിലാണ്. അവര്‍ക്ക് മികച്ച പ്രധാനമന്ത്രിയും ജനറലുമുണ്ട്. ഇത് ഞാന്‍ വേഗം പരിഹരിക്കും- ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാന്‍ വ്യോമസേന പാകിസ്ഥാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതോടെ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഫലം ചെയ്യുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.