രേണുക വേണു|
Last Modified ബുധന്‍, 7 ജനുവരി 2026 (14:07 IST)
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായ
ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റ് ഭീഷണിയില്‍. ഇടക്കാല തിരെഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ട്രംപിന്റെ ഭരണഘടനാ വിരുദ്ധമായ നടപടികളും അധികാര ദുര്‍വിനിയോഗവും മുന്‍നിര്‍ത്തി ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷ ക്യാമ്പ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ 2026ലെ ഇടക്കാല തിരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ വിജയം ട്രംപിന് നിര്‍ണായകമായിരിക്കുകയാണ്.
ഇടക്കാല തിരെഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ഡെമോക്രാറ്റുകള്‍ തന്നെ ഇംപീച്ച് ചെയ്യുമെന്ന ആശങ്ക ട്രംപ് തന്നെയാണ് റിപ്പബ്ലിക്കന്‍സിന് മുന്നില്‍ ഉന്നയിച്ചത്. യുഎസ് പ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്.
ഈ വര്‍ഷം നവംബറിലാണ് യുഎസില്‍ ഇടക്കാല തിരെഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍സ് തിരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടമാവില്ല. എന്നാല്‍ വിപുലമായ പരിഷ്‌കരണങ്ങളും നിയമനിര്‍മാണങ്ങളും നടത്തുന്നതില്‍ ഇത് തടസ്സമുണ്ടാക്കും. കൂടാതെ നിയമനിര്‍മാണങ്ങള്‍ക്ക് നിര്‍ണായകമായ യുഎസ് കോണ്‍ഗ്രസില്‍ മേല്‍ക്കൈ നേടാനും ഡെമോക്രാറ്റുകള്‍ക്കാവും.
ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസിന് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കാനും സാധിക്കും. യുഎസ് ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് ഇടകകല തിരെഞ്ഞെടുപ്പ് നടക്കുക. വെനസ്വേലയില്‍ നടത്തിയ കടന്നുകയറ്റമടക്കം നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ പരിഗണിക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഡെമോക്രാറ്റുകള്‍ ഉയര്‍ത്തുന്നുണ്ട്.