Bangladesh Elections: ബംഗ്ലാദേശിൽ ബിഎൻപിക്ക് തിരിച്ചുവരവ്, താരിഖ് റഹ്മാൻ പ്രധാനമന്ത്രി പദത്തിലേക്ക്

പാര്‍ട്ടിയുടെ ആക്ടിംഗ് ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Tarique Rahman,Bangladesh Elections, Bangladesh prime minister, Bangladesh Nationalist party
അഭിറാം മനോഹർ| Last Modified വെള്ളി, 13 ഫെബ്രുവരി 2026 (11:30 IST)
ബംഗ്ലാദേശ്
പൊതുതിരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷ നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി).
പാര്‍ട്ടിയുടെ ആക്ടിംഗ് ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. 17 വര്‍ഷത്തെ സ്വയം പ്രവാസത്തിനു ശേഷം ലണ്ടനില്‍നിന്ന് മടങ്ങിയ രണ്ടു മാസത്തിനുള്ളിലുള്ള താരിഖിന്റെ വിജയം ബംഗ്ലാദേശ് രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. 300 അംഗ ജാതീയ സന്‍സദില്‍ ഇരുന്നൂറിലധികം സീറ്റുകളിലാണ് ബിഎന്‍പി വിജയിച്ചത്.


ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകള്‍ സ്വന്തമാക്കിയതോടെ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ റഹ്‌മാന്‍ ഒരുങ്ങുകയാണ്. പൊതു തിരെഞ്ഞെടുപ്പില്‍ മത്സരിച്ച ധാക്ക-17, ബൊഗുറ-6 എന്നീ മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച റഹ്‌മാന്‍, ബംഗ്ലാദേശിലെ സുസ്ഥിര ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തില്‍ ദീര്‍ഘകാല പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷമാണ് ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറിയത്. ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയ റഹ്‌മാന്‍, അമ്മ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില വഷളായതോടെ പാര്‍ട്ടിയുടെ നേതൃത്വം പൂര്‍ണമായി ഏറ്റെടുക്കുകയായിരുന്നു.


2001-2006 കാലത്ത് ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സമാന്തര അധികാരകേന്ദ്രമെന്ന നിലയില്‍ റഹ്‌മാന്‍ പ്രവര്‍ത്തിച്ചതായുള്ള
ആരോപണം അദ്ദേഹത്തിനെതിരെ ഇപ്പോഴും ഉയരുന്നുണ്ട്. അഴിമതി, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി 84 കേസുകളില്‍ ശിക്ഷിക്കപ്പെട്ട റഹ്‌മാന്‍, ഹസീന സര്‍ക്കാരിന്റെ കീഴില്‍ ജീവപര്യന്തം ശിക്ഷ വരെ അനുഭവിച്ചിരുന്നു. എന്നാല്‍ എല്ലാ കേസുകളും രാഷ്ട്രീയപരമായി പ്രേരിതമാണെന്ന് ബിഎന്‍പി ആരോപിക്കുന്നു. 2024-ല്‍ ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതോടെയാണ് കേസുകളിലും റഹ്‌മാന്‍ കുറ്റവിമുക്തനായത്.

2008ല്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടാണ് റഹ്‌മാന്‍ ലണ്ടനിലേക്ക് പോയത്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരായ വധശ്രമത്തിന് ഗൂഡാലോചന നടത്തി എന്നതടക്കം നിരവധി കേസുകള്‍ താരിഖിനെതിരെ ഉണ്ടായിരുന്നു. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതോടെയാണ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തിയത്. റഹ്‌മാന്‍ ബംഗ്ലാദേശിലെത്തി അഞ്ച് ദിവസത്തിന് ശേഷം മാതാവും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഖാലിദ സിയ അന്തരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഎന്‍പിയുടെ നേതൃത്വം റഹ്‌മാന്‍ ഏറ്റെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :