അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (14:37 IST)
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ബംഗ്ലാദേശിനെ ഉപദേശിച്ച് റഷ്യ. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നുവോ അത്രയും നല്ലത് എന്നാണ് ബംഗ്ലാദേശിലെ റഷ്യന്‍ അംബാസഡര്‍ നല്‍കിയ ഉപദേശം. ബംഗ്ലാദേശില്‍ ആഭ്യന്തര കലാപവും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്നതിനിടെയാണ് റഷ്യന്‍ അംബാസഡറായ അലക്‌സാണ്ടര്‍ ഗ്രിഗോറിയേവിച്ച് ഖോസിന്റെ ഉപദേശം. 1971ല്‍ ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്നതില്‍ ഇന്ത്യ നടത്തിയ ഇടപെടല്‍ മറക്കരുതെന്നും ഗ്രിഗോറിയേവിച്ച് ഓര്‍മിപ്പിച്ചു.
അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സുസ്ഥിരമായ ബന്ധം പ്രാദേശിക സമാധാനത്തിന് പ്രധാനമാണ്. എത്രയും വേഗം സംഘര്‍ഷം കുറയ്ക്കുന്നോ അത്രയും നല്ലത്. 1971 ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് പ്രധാനമായും ഇന്ത്യന്‍ ഇടപെടല്‍ കൊണ്ടാണ്. ഇന്ത്യ- ബംഗ്ലാദേശ്-
റഷ്യ എന്നിവര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. 2 രാജ്യങ്ങളുടെയും ഉഭയകക്ഷി കാര്യങ്ങളില്‍ റഷ്യ ഇടപെടുന്നില്ലെങ്കിലും സാഹചര്യം കൂടുതല്‍ വഷളാക്കരുത്.ഗ്രിഗോറിയേവിച്ച് പറഞ്ഞു.
ബംഗ്ലാദേശില്‍ വിദ്യാര്‍ഥി നേതാവായ ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നാണ് രാജ്യം അശാന്തമായിരിക്കുന്നത്. കലാപത്തിനിടെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ അടക്കം പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായത്. ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളുടെ വളര്‍ച്ചയിലും ഇന്ത്യക്കാരുടെ സുരക്ഷയിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.