ഐക്യരാഷ്ട്രസഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധം' ജമ്മു കാശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ച അമേരിക്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍

india
india
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഫെബ്രുവരി 2026 (19:35 IST)
ജമ്മു കാശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ച അമേരിക്കയ്‌ക്കെതിരെ പ്രതിഷേധവുമായി പാക്കിസ്ഥാന്‍. യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ് ആണ് ഭൂപടം പുറത്തുവിട്ടത്. ഭൂപടം നിയമവിരുദ്ധമാണെന്നും ഐക്യരാഷ്ട്രസഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. ജമ്മു കാശ്മീര്‍, പാക്കധീന കാശ്മീര്‍, അക്‌സായി ചിന്‍ എന്നീ പ്രദേശങ്ങളെല്ലാം ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടമാണ് അമേരിക്ക പങ്കുവെച്ചത്.

കഴിഞ്ഞ ആഴ്ച അമേരിക്കയും ഇന്ത്യയും ഇടക്കാല വ്യാപാര കരാറില്‍ എത്തിയതായുള്ള പ്രഖ്യാപനം വന്നിരുന്നു. ഇത് സംബന്ധിച്ച പോസ്റ്റിലാണ് വിവാദ ഭൂപടവും പങ്കുവെച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കടുത്ത ഭാഷയിലാണ് അമേരിക്കയെ വിമര്‍ശിച്ചത്. അമേരിക്ക ഇസ്ലാമാബാദിനെ ടോയ്‌ലറ്റ് പേപ്പര്‍ പോലെ ഉപയോഗിച്ച് ഉപേക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് നടന്ന തീവ്രവാദത്തെക്കുറിച്ചുള്ള ചൂടേറിയ പാര്‍ലമെന്ററി ചര്‍ച്ചയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. തര്‍ലായ് പ്രദേശത്തെ ഇമാംബര്‍ഗ ഖസര്‍-ഇ-ഖാദിജത്തുല്‍ കുബ്രയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ 31പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്വന്തം തന്ത്രപരമായ ആവശ്യങ്ങളേക്കാള്‍ ആഗോള ശക്തികളുടെ പ്രേരണയാല്‍ പാകിസ്ഥാന്‍ ആവര്‍ത്തിച്ച് സംഘര്‍ഷങ്ങളിലേക്ക് കാലെടുത്തുവച്ചിട്ടുണ്ടെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. അഫ്ഗാന്‍ മണ്ണില്‍ ആ രാജ്യം നടത്തിയ യുദ്ധങ്ങള്‍ ഒരിക്കലും സ്വന്തം യുദ്ധങ്ങളായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. 1980 കളിലെ സോവിയറ്റ് വിരുദ്ധ യുദ്ധത്തില്‍ പാകിസ്ഥാന്റെ പങ്കാളിത്തത്തെയും പിന്നീട് യുഎസ് നേതൃത്വത്തിലുള്ള ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ സഹകരണത്തെയും കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :