ട്രംപിനോട് ചങ്ങാത്തം, പുലിവാല് പിടിച്ച് അസിം മുനീർ, ഗാസയിലേക്ക് പാക് പട്ടാളത്തെ അയക്കണമെന്ന് ആവശ്യം

Asim Munir- Trump
Asim Munir- Trump
അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2025 (16:59 IST)
ഗാസയിലേക്ക് സേനയെ അയക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് മുകളില്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയുടെ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മേക്‌നോട്ടം വഹിക്കാന്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സേന വേണമെന്ന് ട്രംപിന്റെ 30 ഇന ഗാസ പദ്ധതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ ഇതിന്റെ ഭാഗമായാല്‍ അസിം മുനീറിനെതിരെ പാകിസ്ഥാനില്‍ വികാരം ഉയരുമെന്ന് ഉറപ്പാണ്. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പാക് സൈനിക മേധാവിയായ അസിം മുനീര്‍.

ഗാസയില്‍ സ്വന്തം സേനയെ അയച്ച് ഹമാസിനെ നിരായുധീകരിക്കുന്നത് സ്വന്തം രാജ്യത്ത് സംഘര്‍ഷത്തിനിടയാക്കുമോ എന്ന ഭയം പാകിസ്ഥാനുണ്ട്. വിഷയം ചര്‍ച്ചയായപ്പോള്‍ തന്നെ വലിയ പ്രതിഷേധമാണ് പാകിസ്ഥാനില്‍ ഉയരുന്നത്. എങ്കിലും ട്രംപുമായുള്ള അടുപ്പം ഘട്ടം ഘട്ടമായെങ്കിലും പാകിസ്ഥാന്‍ സൈനികരെ ഗാസയിലെത്തിക്കാനാണ് സാധ്യത. ട്രംപിനെ നിരാശപ്പെടുത്തിയാല്‍ അമേരിക്കയുടെ പാകിസ്ഥാനിലേക്കുള്ള നിക്ഷേപങ്ങളെ അത് ബാധിക്കും.

ഗാസയിലേക്ക് സൈനികരെ അയച്ചാല്‍ സാമ്പത്തികമായി വലിയ സഹായങ്ങള്‍ അമേരിക്കയില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. അടുത്തകാലത്തായി ബലൂചിസ്ഥാനില്‍ നിന്നുള്ള വിമതരെയും പാക് താലിബാനുമായും പാകിസ്ഥാന്‍ അപ്രഖ്യാപിത യുദ്ധങ്ങളിലാണ്. ഈ സമയത്ത് സാമ്പത്തികമായി യുഎസിന്റെ പിന്തുണ ഇല്ലാതെയാക്കാന്‍ പാകിസ്ഥാന്‍ മെനക്കെട്ടേക്കില്ല.

ഏതാനും ആഴ്ചകളായി ഇന്‍ഡോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, തുര്‍ക്കി,ജോര്‍ദാന്‍, ഈജിപ്ത്,അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക, രാഷ്ട്രീയ നേതൃത്വവുമായി അസിം മുനീര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ഇത് ഗാസയിലേക്ക് സേനയെ അയക്കുന്നതിനെ പറ്റിയുള്ള കൂടിയാലോചനകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :