വെനസ്വേലയിൽ യുഎസ് ബോംബാക്രമണം? : തലസ്ഥാനമായ കരകാസിൽ 7സ്ഫോടനങ്ങൾ, യുദ്ധവിമാനങ്ങൾ മുകളിൽ പറന്നതായി റിപ്പോർട്ട്

പുലര്‍ച്ചെയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ പൊട്ടിത്തെറികള്‍ ഉണ്ടായത്.

explosion
Reprentative image
രേണുക വേണു|
കരകാസ്: യുഎസുമായുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായിരിക്കെ, വെനസ്വേലയുടെ തലസ്ഥാനമായ കരകാസില്‍ നിരവധി സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ പൊട്ടിത്തെറികള്‍ ഉണ്ടായത്. ചില പ്രദേശങ്ങളില്‍ താഴ്ന്ന് പറക്കുന്ന വിമാനങ്ങള്‍ കണ്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


സ്‌ഫോടനങ്ങള്‍ക്കുശേഷം നഗരത്തിന്റെ ചില മേഖലകളില്‍ വൈദ്യുതി ബന്ധം തകരാറിലായതും ആകാശത്ത് പുക ഉയരുന്നതായുമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ സംഭവങ്ങളുടെ കാരണമോ, നാശനഷ്ടങ്ങള്‍, മരണങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകളോ വെനസ്വേലന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയിട്ടില്ല. സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.


അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളായി മോശമായ അവസ്ഥയിലാണ്. വെനസ്വേലന്‍ തിരെഞ്ഞെടുപ്പിലെ സുതാര്യത, മനുഷ്യാവകാശ വിഷയങ്ങള്‍, എണ്ണ കയറ്റുമതി തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും തര്‍ക്കമുള്ളത്. കൂടാതെ അമേരിക്കയില്‍ മയക്കുമരുന്ന് വ്യാപിപ്പിക്കുന്നതില്‍ വെനസ്വേലയ്ക്ക് പങ്കുള്ളതായും യുഎസ് ആരോപണമുണ്ട്.


കരകാസ് ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ ഒരു പ്രധാന രാഷ്ട്രീയ-ഭരണ കേന്ദ്രമായതിനാല്‍ ആശങ്കയോടെയാണ് സ്‌ഫോടനങ്ങളെ ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്. ചൈനയ്ക്കും റഷ്യയ്ക്കും ഒരു പോലെ സാമ്പത്തിക താത്പര്യമുള്ള രാജ്യം കൂടിയാണ് വെനസ്വേല. ഈ സാഹചര്യത്തില്‍ പ്രദേശത്തെ രാഷ്ട്രീയ വികാസങ്ങള്‍ ആഗോള രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :