നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍; ക്ലിനിക്കല്‍ ട്രയല്‍ ഏപ്രില്‍

Nipah Virus, West Bengal, Virus disease, Health
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (08:26 IST)
നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ക്ലിനിക്കല്‍ ട്രയല്‍ ഏപ്രില്‍ നടത്തും. ബെല്‍ജിയത്തിലാണ് മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലിന് തുടക്കമിടുന്നത്. നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ ലൈസന്‍സ് ഉള്ള വാക്‌സിനോ പ്രത്യേക ചികിത്സയോ ഇല്ല. നിപ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരു ഭാഗം വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.

പശ്ചിമ ബംഗാളില്‍ നിപാ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിപ്പ ബാധ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കിഴക്കന്‍- ഏഷ്യന്‍ രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തായ്‌ലന്‍ഡ്, സിംഗപ്പൂര്‍,ഹോങ്കോങ്,മലേഷ്യ എന്നിവിടങ്ങളില്‍ വിമാനമിറങ്ങുന്ന ഇന്ത്യന്‍ യാത്രികരെ പരിശോധിക്കും. ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് സിംഗപൂര്‍ വിമാനത്താവളത്തില്‍ താപനില പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, പശ്ചിമ ബംഗാളില്‍ സ്ഥിരീകരിച്ച നിപാ കേസുകളുമായി ബന്ധപ്പെട്ട് 196 അടുത്ത സമ്പര്‍ക്കക്കാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതുവരെ ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വൈറസ് നിയന്ത്രണവിധേയമാണെന്നും, ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. രോഗബാധിതരായ രണ്ട് പേരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

നിപാ വൈറസ് പ്രധാനമായും ഫലവവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ്. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും, അടുത്ത മനുഷ്യ സമ്പര്‍ക്കത്തിലൂടെയും രോഗവ്യാപനം സംഭവിക്കാം. ഉയര്‍ന്ന മരണനിരക്കുള്ള വൈറസായതിനാല്‍ തന്നെ, മുന്‍കരുതല്‍ നടപടികള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :