വാഷിങ്ടൺ|
jibin|
Last Modified വ്യാഴം, 5 നവംബര്‍ 2015 (14:03 IST)
17 കുട്ടികളും ഏഴു ജീവനക്കാരുമുള്‍പ്പെടെ 224 പേരുമായി ഈജിപ്തിലെ സിനായ് മേഖലയില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിന്റെ അപകടകടത്തിന് വഴിവെച്ചത് ഐഎസ് ഭീകരരുടെ ആക്രമം ആകാമെന്ന് അമേരിക്കന്‍ ഇന്റലിജൻസ്. ഐഎസ് ഭീകരർ വിമാനത്തിനുള്ളിൽ സ്ഥാപിച്ച ബോംബ് പൊട്ടിയാവാം ദുരന്തമെന്ന് അപകടത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച യുഎസ് ഇന്റലിജൻസ് വിഭാഗം അനുമാനിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനമാണ് അപകടകാരണമെന്ന് ബ്രിട്ടനും സൂചിപ്പിച്ചു.
തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‍സ് പരിശേധിച്ചതില്‍ നിന്ന് കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചില്ല. വിമാനത്തിനുനേരെ പുറത്തുനിന്ന് ആക്രമണമുണ്ടാകാനുള്ള സാധ്യത തള്ളി അന്വേഷണസംഘം തള്ളുകയും ചെയ്‌തു.
വിമാനത്തിനുനേരെ പുറത്തുനിന്ന് ആക്രമണമുണ്ടായില്ലെങ്കിലും ബ്ലാക് ബോക്‍സ് പരിശേധിച്ചതില്‍ നിന്ന് അപകടകാരണം വ്യക്തമായിട്ടില്ല. എന്നാല്‍, അപകടം ഉണ്ടാകുന്നതിന് മുമ്പ് യാത്രാക്കാരില്‍ പരിഭ്രാന്തി ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇന്ധനടാങ്കില്‍ പൊട്ടിത്തെറി ഉണ്ടായതാണോ എന്നും സംശയമുണ്ട്. വിമാനത്തിനുള്ളില്‍ വെച്ച് എന്തെങ്കിലും പൊട്ടിത്തെറിച്ചോ എന്നും അന്വേഷണം നടക്കുന്നുണ്ട്. റഡാര്‍ പരിധിയില്‍നിന്ന് കാണാതാവുന്നതിനുമുമ്പ് എന്തെങ്കിലും ആശങ്കയുള്ളതായി പൈലറ്റിന്റെ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
ലൈവ് റഡാറില്‍ നിന്ന് അവസാനം ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് വിമാനം 300 കിലോമീറ്റര്‍ വേഗതയില്‍ താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് മിന്നല്‍പോലെ ഉണ്ടായതായി അമേരിക്കന്‍ സാറ്റലൈറ്റ് സംവിധാനം കണ്ടത്തെിയിട്ടുണ്ട്. തകര്‍ച്ച നടന്ന ഒമ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന തുടരുകയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ യാത്രക്കാരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈജിപ്തിലെയും റഷ്യയിലെയും വിദഗ്ധരോടൊപ്പം ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ബ്ളാക് ബോക്സ് പരിശോധകരും വിമാനം രജിസ്റ്റര്‍ ചെയ്ത അയര്‍ലന്‍ഡില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നതാണ് അന്വേഷണസംഘം.