അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (13:52 IST)
ഇറാനുമായി യുഎസ് സജീവ ചര്‍ച്ചകളില്‍ തന്നെയാണുള്ളതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അറബിക്കടലില്‍ ഇറാനിയന്‍ ഡ്രോണ്‍ യുഎസ് വിമാനവാഹിനി കപ്പല്‍ വെടിവെച്ചെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. മുന്‍പ് ഇറാനിയന്‍ ആണവകേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് നടത്തിയ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ പോലെയൊരു സൈനിക നടപടി ഒഴിവാക്കാന്‍ തന്നെയാകും ഇറാനും താല്പര്യമെന്നും ചര്‍ച്ചകള്‍ വേണമെന്നും ട്രംപ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെ വന്ന ഇറാനിയന്‍ ഡ്രോണ്‍ യുഎസ് വെടിവെച്ച് വീഴ്ത്തിയത്. ഇതിന് പിന്നാലെയാണ് ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ട്രംപ് രംഗത്ത് വന്നത്. ചര്‍ച്ചകളില്‍ എന്തെങ്കിലും നടക്കുമോ എന്ന് നോക്കാം. മിഡ്‌നൈറ്റ് ഹാമര്‍ പോലൊന്ന് വീണ്ടും സംഭവിക്കാന്‍ അവര്‍ അഗ്രഹിക്കില്ലെന്ന് ഞങ്ങള്‍ കരുതുന്നു. പക്ഷേ അതിനായി ചര്‍ച്ചകള്‍ നടത്തണം. ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുഎസ് എസ് എബ്രഹാം ലിങ്കണെന്ന വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്‍ ഷാഹിദ് 139 ഡ്രോണ്‍ പ്രയോഗിച്ചത്. എഫ് 35 സി യുദ്ധവിമാനം ഉപയോഗിച്ച് ഇതിനെ യുഎസ് തകര്‍ത്തിയിരുന്നു. സ്വയം രക്ഷാര്‍ഥമായാണ് യുഎസ് യുദ്ധവിമാനം പ്രയോഗിച്ചതെന്ന് യുഎസ് സൈനിക വക്താവ് ടിം ഹോക്കിന്‍സ് വ്യക്തമാക്കിയിരുന്നു.