രേണുക വേണു|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (11:22 IST)
വെള്ളിയാഴ്ച ഒമാനിലെ മസ്‌കത്തില്‍ വെച്ച് ഇറാനും അമേരിക്കയും തമ്മില്‍ നിര്‍ണായക ആണവചര്‍ച്ചകള്‍ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ ഒമാനില്‍ വെച്ച് നടത്താമെന്ന് ഇറാന്‍ സമ്മതിച്ചത്. നേരത്തെ തുര്‍ക്കിയില്‍ വെച്ച് ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ യുഎസാണ് ചര്‍ച്ചകള്‍ക്കായി ഒമാന്റെ പേര് നിര്‍ദേശിച്ചത്.
അതേസമയം ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇറാന്‍
പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നല്‍കി. ഖമനേയി ആശങ്കാകുലനാണെന്നും ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.ആണവ പ്രശ്‌നങ്ങള്‍ക്ക് പുറമേ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, പ്രോക്സി സംഘടനകള്‍ക്കുള്ള പിന്തുണ, ഇറാനിയന്‍ ജനതയ്‌ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ എന്നിവയും ചര്‍ച്ചയാകുമെന്ന്
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞത് ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ അടിസ്ഥാന നിലപാട്. സൈനികേതര മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാന്‍ ട്രംപ് ശ്രമിക്കുമെന്നും അത് പരാജയപ്പെട്ടാല്‍ സൈനിക നടപടിയുണ്ടാകുമെന്നും വാന്‍സ് മുന്നറിയിപ്പ് നല്‍കി.