അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ജനുവരി 2026 (12:58 IST)
ഇറാനെതിരെ ശക്തമായ നീക്കത്തിന് അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 500 കടന്നതോടെയാണ് ട്രംപ് ശക്തമായ താക്കീതുമായി രംഗത്ത് വന്നത്. ഇറാനിലെ സൈനിക നടപടി ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ഉടനെ കൂടിക്കാഴ്ച നടത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാനായി ഇലോണ്‍ മസ്‌കിന്റെ സഹായം തേടുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇറാനിയന്‍ സുരക്ഷാസൈന്യം ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന ആവശ്യവുമായി ഇറാന്‍ കിരീടാവകാശി റെസ പഹ്ലവി രംഗത്തെത്തി. സുരക്ഷാ സേനയും സര്‍ക്കാര്‍ ജീവനക്കാരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജനങ്ങള്‍ക്കൊപ്പം അണിചേരുക, അല്ലെങ്കില്‍ കൊലപാതകികളുമായി കൂട്ടുകൂടുക. 2 വഴി മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നിലുള്ളതെന്ന് റെസ പഹ്ലവി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അതേസമയം സൈനികനടപടിയുണ്ടായാല്‍ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വെയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ യുഎസിന്റെ എല്ലാ സൈനികകേന്ദ്രങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് അക്രമണമുണ്ടാകുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് വ്യക്തമാക്കി. ഇറാനിലെ പ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ 10,000ത്തിന് മുകളില്‍ ആളുകളാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.