ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ബംഗ്ലാദേശ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി ഇന്ത്യ

IND vs Bangladesh
രേണുക വേണു| Last Modified ശനി, 27 ഡിസം‌ബര്‍ 2025 (12:20 IST)
ബംഗ്ലാദേശില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങള്‍ ആശങ്കാജനകമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ മൈമെന്‍സിംഗില്‍ നടന്ന
ഹിന്ദു യുവാവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ ഇന്ത്യ അപലപിക്കുന്നതായും നിയമ ലംഘകരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ മൂവായിരത്തോളം അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് കണക്ക്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍, വീടുകള്‍, വ്യക്തികള്‍ എന്നിവ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങള്‍ നീതികരിക്കാന്‍ പറ്റാത്തതാണെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഇന്ത്യ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന, സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യ ഓര്‍മ്മിപ്പിച്ചു.

അയല്‍രാജ്യമായ ബംഗ്ലാദേശുമായുള്ള സൗഹൃദപരവും സ്ഥിരതയുള്ളതുമായ ബന്ധം
ഇന്ത്യക്ക് അതീവ പ്രാധാന്യമുള്ളതാണെന്നും, എന്നാല്‍ മനുഷ്യാവകാശവും ന്യൂനപക്ഷ സുരക്ഷയും പോലുള്ള വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇന്ത്യ തുടരുമെന്നും പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :