സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (09:24 IST)
ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്നും ഞങ്ങള്‍ മാത്രമല്ല വിതരണക്കാരെന്നും റഷ്യ. ഇന്ത്യ- അമേരിക്കവ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യയ്ക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ ഞങ്ങള്‍ അല്ലെന്ന് നന്നായി അറിയാം. ഇന്ത്യ എക്കാലത്തും ഈ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ പുതുമയൊന്നും ഞങ്ങള്‍ കാണുന്നില്ലെന്ന് റഷ്യയുടെ ഡ്രസ്സ് സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നുവെന്നും തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമമാക്കിയതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കൃഷി, മൃഗസംരക്ഷണം, ക്ഷീരകര്‍ഷണം തുടങ്ങിയ പ്രധാന മേഖലകളെ ഈ കരാര്‍ സംരക്ഷിക്കുമെന്ന് ഗോയല്‍ പറഞ്ഞു.
തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് യുഎസ് വിപണിയില്‍ ഗണ്യമായ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ഒരു പ്രസ്താവന നടത്താന്‍ കഴിയാത്തതിനാല്‍ കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രി പത്രസമ്മേളനത്തിലാണ് വിശദീകരിച്ചത്.