അഭിറാം മനോഹർ|
Last Modified വെള്ളി, 30 ജനുവരി 2026 (15:48 IST)
മിഡില്‍ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതകള്‍ക്കിടെ ഇറാനെതിരെ സൈനിക നടപടി ഒഴിവാക്കാന്‍ തന്നെയാണ് ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെലാനിയ ട്രംപിനെ പറ്റിയുള്ള ഡൊക്യുമെന്ററി പ്രദര്‍ശനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൈനികനടപടി ഒഴിവാക്കാന്‍ തന്നെയാണ് ശ്രമമെന്ന് ട്രംപ് വിശദീകരിച്ചത്.
വളരെ വലുതും ശക്തവുമായ അമേരിക്കന്‍ കപ്പലുകള്‍
ഇറാനിലേക്ക് പോകുന്നുണ്ട്, അവ ഉപയോഗിക്കേണ്ടിവരാതിരുന്നാല്‍ നന്നായിരിക്കും എന്നാണ് മുന്നറിയിപ്പിന്റെ സ്വരത്തില്‍ ട്രംപ് വ്യക്തമാക്കിയത്. ആണവോര്‍ജം സമാധാനപരമായ ഉപയോഗത്തിന് മാത്രം ഉപയോഗിക്കുന്നുവെന്ന് ഇറാന്‍ ഉറപ്പുവരുത്തണമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് തയ്യാറാണെന്നും നേരത്തെയും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനില്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ നാവികസേന മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചത് മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെയാണ് ഒരു ആക്രമണം ഒഴിവാക്കാന്‍ തന്നെയാണ് ശ്രമമെന്ന ട്രംപിന്റെ തുറന്നുപറച്ചില്‍.
അതേസമയം അമേരിക്കന്‍ ഭീഷണികളെ നേരിടാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ക്ക് ഗുരുതരമായ പരിമിതികളുണ്ടെന്നും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം ഇറാനെതിരായ ആക്രമണങ്ങള്‍ക്കായി തങ്ങളുടെ വ്യോമ, കര പ്രദേശങ്ങള്‍ വിട്ടുനല്‍കില്ലെന്ന് കഴിഞ്ഞ ദിവസം യുഎഇ വ്യക്തമാക്കി. സൗദി അറേബ്യയും സമാനമായ നിലപാടാണ് കൈക്കൊള്ളുന്നത്.