ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം
മുന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ അബ്രഹാം ഉടമ്പടിയെ ശക്തമായി എതിര്‍ത്തിരുന്നു.
ഇറാന്‍ യുദ്ധം അവസാനിച്ച ശേഷം ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന അബ്രഹാം ഉടമ്പടിയില്‍ പങ്കുചേരാന്‍ പാകിസ്ഥാനോടും ചില ഇസ്ലാമിക രാജ്യങ്ങളോടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന വിവിധ അറബ് രാജ്യങ്ങളുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് ഈ ആവശ്യം ട്രംപ് ഉന്നയിച്ചത്. ട്രംപിന്റെ നിര്‍ദേശം നിരസിച്ചാല്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് അമേരിക്ക പാകിസ്ഥാനും സൗദി അറേബ്യയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയപരമായും നയതന്ത്രപരമായും പ്രതിസന്ധി സൃഷ്ടിക്കും. ഇസ്ലാമിക രാജ്യമെന്ന നിലയില്‍ ഇസ്രായേലിനെ പരസ്യമായി പിന്തുണച്ചാല്‍ അതിന് രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകളുണ്ടാകും. എന്നാല്‍ അമേരിക്ക പിണക്കിയാല്‍ അതും പാകിസ്ഥാനെ ബാധിക്കും. പലസ്ഥീന്‍ വിഷയം നിലനില്‍ക്കുന്നതിനാല്‍ ഇസ്രായേലിനെ അംഗീകരിച്ച പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെ അത് പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണ്.
മുന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ അബ്രഹാം ഉടമ്പടിയെ ശക്തമായി എതിര്‍ത്തിരുന്നു. പലസ്ഥീന്‍ ജനതയോട് കാട്ടുന്ന ക്രൂരതകളെ അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ നിലപാട്. നിലവില്‍ ജയിലിലാണെങ്കില്‍ പാകിസ്ഥാനിനുള്ളില്‍ വലിയ ജനപിന്തുണയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കുള്ളത്. അതിനാല്‍ ഇസ്രായേല്‍ അനുകൂല നിലപാട് രാജ്യത്തിനകത്ത് ആഭ്യന്തര കലാപം പോലും ഉണ്ടാക്കിയേക്കാം. അതിനാല്‍ തന്നെ അമേരിക്കയുടെ സമ്മര്‍ദ്ദവും സ്വന്തം രാജ്യത്തെ ജനവികാരവും ഏതിനെ മാനിക്കണമെന്ന ധര്‍മ്മസങ്കടത്തിലാണ് പാകിസ്ഥാന്.