വാഷിങ്ടണ്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക റെയ്ഡിന് പിന്നാലെ കൊളംബിയക്കെതിരെയും സൈനിക നടപടികള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോള്‍
കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനില്‍ക്കില്ലെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസിലേക്ക് കൊക്കെയ്ന്‍ വ്യാപകമായി കടത്തുന്ന രാജ്യമാണ് കൊളംബിയയെന്നും ട്രംപ് പറഞ്ഞു. കൊളംബിയക്കെതിരെ സൈനിക ഓപ്പറേഷനുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് അത് നല്ല കാര്യമായി തോന്നുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കൊളംബിയ ഗുരുതരമായ അവസ്ഥയിലാണ്. കൊളംബിയ ഭരിക്കുന്ന ഗുസ്താവോ പൃട്രോ അസുഖബാധിതനാണ്. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണ് രാജ്യം ഭരിക്കുന്നത്. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി മെക്‌സിക്കോയിലേക്കും കൊളംബിയയിലേക്കും സൈനിക ഓപ്പറേഷനുകള്‍ വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ട്. ട്രംപ് പറഞ്ഞു.
നേരത്തെ വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലെന്ന് അറിയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ രംഗത്ത് വന്നിരുന്നു. കൊളംബിയയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ യുഎസിന് ആഗ്രഹമില്ലെന്നും എന്നാല്‍ നയപരമായ മാറ്റങ്ങള്‍ വരുത്താന്‍ വെനസ്വേലയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.