അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2026 (12:36 IST)
യുഎസ് ഏര്‍പ്പെടുത്തിയ ശക്തമായ എണ്ണ ഉപരോധം നിലനില്‍ക്കെ റഷ്യയില്‍ നിന്നുള്ള ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ ക്യൂബയിലേക്ക് പ്രവേശിക്കാന്‍ അമേരിക്ക അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ക്യൂബ ഗുരുതരമായ ഊര്‍ജപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പതാക വഹിച്ച എണ്ണകപ്പല്‍ അവിടെ എത്തുന്നതിന് അമേരിക്ക തടസ്സം നില്‍ക്കില്ലെന്നാണ് ട്രംപ് സൂചിപ്പിച്ചത്.
ക്യൂബന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് ഭരണകൂടം സ്വീകരിച്ചുവന്ന കര്‍ശനമായ നിലപാടുകളില്‍ നിന്നുള്ള അപ്രതീക്ഷിതമായ മാറ്റമാണിത്. റഷ്യന്‍ കപ്പലിന് അനുമതി നല്‍കുന്നത് ആഭ്യന്തരമായി കടുത്ത ഊര്‍ജ പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് വലിയ ആശ്വാസമാകും നല്‍കുക.
ക്യൂബയില്‍ ഭരണ മാറ്റം ലക്ഷ്യമിട്ട് ശക്തമായ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തിയിരുന്ന അമേരിക്ക, ഇപ്പോള്‍ മനുഷ്യാവകാശപരമായ സമീപനത്തിലേക്ക് മാറുന്നുവെന്ന സൂചനകളാണ് തീരുമാനം നല്‍കുന്നത്. ക്യൂബയുടെ എണ്ണവിതരണക്കാരായ വെനസ്വേലയില്‍ നിന്നുള്ള വിതരണം തടയുകയും മറ്റ് വിതരണക്കാര്‍ക്ക് അധികനികുതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഏകദേശം 7,30,000 ബാരല്‍ എണ്ണയുമായി റഷ്യന്‍ ടാങ്കറായ അനാറ്റോലി കൊളോഡ്കിന്‍ ക്യൂബന്‍ തീരത്ത് വരും ദിവസങ്ങളില്‍ നങ്കൂരമിടുമെന്നാണ് റിപ്പോര്‍ട്ട്. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന സൈറ്റുകള്‍ നല്‍കുന്ന വിവരമനുസരിച്ച് ഞായറാഴ്ച വൈകീട്ട് ടാങ്കര്‍ ക്യൂബയിലെ ഹോള്‍ഗിന്‍ പ്രവിശ്യയ്ക്ക് സമീപമെത്തിയിരുന്നു.