Iran Protests: ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു, സഹായിക്കാൻ യുഎസ് തയ്യാറെന്ന് ട്രംപ്

Donald Trump
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജനുവരി 2026 (13:21 IST)
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ
പ്രക്ഷോഭകര്‍ക്ക് സഹായ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഇറാന്‍ സ്വാതന്ത്ര്യത്തെ നോക്കുകയാണ്, ഒരുപക്ഷേ മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍. സഹായത്തിന് യു.എസ്.എ തയ്യാറാണ്,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. പ്രക്ഷോഭകരോട് അക്രമം തുടര്‍ന്നാല്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നാണ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചത്.


'ഇറാനിയന്‍ ഭരണകൂടം ആളുകളെ കൊല്ലാന്‍ തുടങ്ങിയാല്‍ അമേരിക്ക ഇടപെടും. അതിനര്‍ത്ഥം കരസേനയെ നിയോഗിക്കുമെന്നല്ല, പക്ഷേ അവരെ വേദനിപ്പിക്കുന്നിടത്ത് കടുത്ത പ്രഹരമേല്‍പ്പിക്കുമെന്നാണ്,' പത്രപ്രവര്‍ത്തകരോട് പ്രസിഡന്റ് വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമും ഇറാനിയന്‍ ജനതയോട് ഇക്കാര്യം ആവര്‍ത്തിച്ചു. ഇറാനിലെ ജനങ്ങളുടെ പേടിസ്വപ്നം അവസാനിക്കുമെന്നാണ് ഗ്രഹാം വ്യക്തമാക്കിയത്.


ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സിയുടെ കണക്കുപ്രകാരം
ഇറാനിലെ പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 72 പേര്‍ കൊല്ലപ്പെടുകയും 2,300 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 2,000 ഓളം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ്. ഇറാനിയന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ യഥാര്‍ത്ഥ സ്ഥിതി അറിയാന്‍ പ്രയാസമായിരിക്കുകയാണ്.

അതേസമയം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെയെല്ലാം ദൈവത്തിന്റെ ശത്രുവായി കണക്കാക്കുമെന്നും വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും ഇറാന്റെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കി. കലാപകാരികളെ സഹായിച്ചവര്‍ക്കും തുല്യശിക്ഷ നല്‍കുമെന്നും ആസാദ് മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടെ അമേരിക്കയ്ക്ക് പുറമെ യൂറോപ്യന്‍ യൂണിയന്‍, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പ്രക്ഷോഭകളെ പിന്തുണച്ച് പ്രസ്താവനകള്‍ നല്‍കി. പ്രതികാരഭീതിയില്ലാതെ പൗരന്മാര്‍ക്ക് പ്രകടനം നടത്താന്‍ അനുവദിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഭീകരസംഘങ്ങളാണ് ഇറാനിലെ കലാപങ്ങള്‍ക്ക് പിന്നിലെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ ആരോപണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :