Last Updated:
വ്യാഴം, 2 ജനുവരി 2020 (19:37 IST)
ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അധികദിവസമായില്ല. ഇത്തരമൊരു സംഭവത്തിന് നമ്മുടെ റോബര്‍ട്ട് ഇര്‍വിനും ഇരയാകുമായിരുന്നു. റോബര്‍ട്ട് ഇര്‍വിനെ ഓര്‍മ്മയില്ലേ, പരേതനായ പ്രശസ്ത മൃഗപരിശീലകന്‍ സ്റ്റീവ് ഇര്‍വിന്റെ മകന്‍. മുതലുകളുമായി മല്‍പ്പിടുത്തം നടത്തിയിരുന്ന സ്റ്റീവിന്റെ പാതയില്‍ തന്നെയാണ് 10 വയസുകാരന്‍ മകനും. എന്നാല്‍ കഴിഞ്ഞ ദിവസം റോബര്‍ട്ടിനെ ഒരു മുതല ശാപ്പാടാക്കുമായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് പയ്യന്‍ രക്ഷപ്പെട്ടത്.
ഓസ്ട്രേലിയയിലെ സ്റ്റീവിന്റെ ആരംഭിച്ച മൃഗശാലയിലാണ് സംഭവം. ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വെച്ച് മുതലക്കുളത്തിന്റെ കരയില്‍ തീറ്റ നല്‍കുകയായിരുന്നു റോബര്‍ട്ട്. പൊടുന്നനെ ഒരു മുതല വായ് തുറന്നുകൊണ്ട് റോബര്‍ട്ടിനു നേരേ പാഞ്ഞടുത്തു. എന്നാല്‍ സ്റ്റീവിന്റെ അടുത്ത സുഹൃത്തും മുതല പരിശീലകനുമായ വെസ് മന്നിയോണ്‍ റോബര്‍ട്ടിനെ ഷര്‍ട്ടില്‍ പിടിച്ച് പൊക്കി മാറ്റുകയായിരുന്നു.
സാധാരണ റോബര്‍ട്ട് മുതലകള്‍ക്ക് തീറ്റ നല്‍കുകയും കളിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ റോബര്‍ട്ടിന്റെ കൈയ്യിലെ മാംസക്കഷ്ണം കാണാതെ പ്രകോപിതനായതാണ് മുതല ആക്രമിക്കാന്‍ കാരണമെന്നാണ് മൃഗശാല വൃത്തങ്ങള്‍ പറയുന്നത്. 2004-ല്‍ കൈക്കുഞ്ഞായിരുന്ന റോബര്‍ട്ടിനെ ഒരു കൈയില്‍ പിടിച്ച് മറുകൈയില്‍ മുതലക്ക് മാംസക്കഷ്ണം നല്‍കിയ സ്റ്റീവിന്റെ പ്രവൃത്തി ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.