സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 31 ഡിസംബര്‍ 2025 (08:38 IST)
ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ലഘുകരിക്കാന്‍ ഇടപെട്ടുവെന്ന പുതിയ അവകാശവാദവുമായി ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ന്നുവരുന്ന അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് ചൈനയും അവകാശവാദവുമായി രംഗത്തുവന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ലഘൂകരിക്കാന്‍ ചൈന ഇടപെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ അവകാശപ്പെട്ടു. ബെയ്ജിങ്ങില്‍ ചൈനയുടെ വിദേശ ബന്ധങ്ങളെ കുറിച്ചുള്ള ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് വാങ് യീ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്.
അതേസമയം സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളിലൂടെ വെടിനിര്‍ത്തലിലെത്തി എന്ന നിലപാടാണ് ഇന്ത്യ ഇപ്പോഴും സ്വീകരിച്ചിട്ടുള്ളത്. സംഘര്‍ഷം നിര്‍ത്തുന്നതിനായി പാകിസ്ഥാന്‍ ഇങ്ങോട്ട് വിളിച്ചു എന്നാണ് പാര്‍ലമെന്റിലടക്കം കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്.
പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ച ആയുധങ്ങളില്‍ കൂടുതലും ചൈനീസ് നിര്‍മ്മിതമായിരുന്നു. ഇറാന്റെ ആണവ വിഷയത്തിലും പാലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിലും തങ്ങളാണ് മധ്യസ്ഥത വഹിച്ചതെന്നും ചൈനീസ് വിദേശകാര്യമന്ത്രി അവകാശപ്പെട്ടു.