നിഹാരിക കെ.എസ്|
Last Modified ശനി, 23 ഓഗസ്റ്റ് 2025 (17:51 IST)
ഗർഭാവസ്ഥയിൽ തന്നെ ഹൃദ്രോഗമുണ്ടാവുകയും ജനനത്തിന് പിന്നാലെ മരണപ്പെടുകയും ചെയ്ത മകനെ ഓർത്ത് നടി സെലീന ജെയ്റ്റലി. ഇരട്ടക്കുട്ടികളിൽ ഒരാളെയാണ് സെലീനയ്ക്ക് നഷ്ടമായത്. കുഞ്ഞിനെ രക്ഷിച്ചെടുക്കാനായി ദുബായിലേയും ലണ്ടനിലേയും ഇന്ത്യയിലേയും മികച്ച ഡോക്ടർമാരെ കണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെലീനയ്ക്ക് ആദ്യ പ്രസവത്തിലും ഇരട്ടക്കുട്ടികളായിരുന്നു. സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിലൂടെയാണ് സെലീന മനസ് തുറന്നത്. കുറിപ്പിനൊപ്പം മരിച്ചുപോയ മകന്റെ ശവകുടീരത്തിന് സമീപം നിൽക്കുന്ന സെലീനയുടേയും ഇരട്ടസഹോദരന്മാരിൽ ഒരാളുടേയും ചിത്രവും പങ്കുവച്ചിട്ടുണ്ട്. സെലീനയുടെ കുറിപ്പ് ഇങ്ങനെയാണ്:
അവനെ രക്ഷിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഈ ഫോട്ടോയിൽ ഞാനും ആർതുവും അവന്റെ ഇരട്ട സഹോദരൻ ശംഷേറിന്റെ ശവകുടീരത്തിന് അടുത്ത് നിൽക്കുകയാണ്. സെപ്തംബർ 10 ന് നാലാമത്തെ കുഞ്ഞായ ആർതറിന്റെ ജന്മദിനമാണ്. ആ ദിവസം അടുക്കുന്തോറും മാസ്റ്റർ ആർതർ ജെയ്റ്റ്‌ലി ഹാഗിന്റെ വരവിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ എനിക്ക് സാധിക്കുന്നില്ല.
ഗർഭണിയായി ആറാം മാസം എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. ആർതറിന്റെ ഇരട്ട സഹോദരന് ഹൈപ്പോപ്ലാസ്റ്റിക് ഹൃദയമാണെന്ന് കണ്ടെത്തിയതിന്റെ വേദനയിലൂടെ കടന്നു പോവുകയായിരുന്നു ഞങ്ങൾ. വിൻസ്റ്റൺ വിരാജിന്റെ സ്‌കാനിങ് നടത്തിയ ഡോക്ടർ തന്നെയായിരുന്നു ഇതും ചെയ്തത്. ആർതറിന്റേയും ശംഷേറിന്റെ സ്‌കാനിങ് സമയത്ത് അദ്ദേഹം 20 മിനുറ്റ് നേരത്തേക്ക് നിശബ്ദനായി. അടുത്ത ദിവസം വീണ്ടും വരാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം അദ്ദേഹത്തിന്റെ മുഖത്തു നിന്നും പുഞ്ചിരി നഷ്ടമായിരുന്നു. വിഷാദ ഭാവമായിരുന്നു.
രണ്ടിലൊരാൾക്ക് ഹൈപ്പോപ്ലാസ്റ്റിക്കിൾ ഹാർട്ട് സിൻഡ്രം ആണെന്ന് അദ്ദേഹം അറിയിച്ചു. ഹൃദയത്തിന്റെ ഇടതുഭാഗത്തിന് ശരിയായ വളർച്ചയുണ്ടാകാത്ത അപൂർവ്വമായൊരു അവസ്ഥയാണത്. ഇതുമൂലം രക്തം ശരിയായി പമ്പ് ചെയ്യാനാകില്ല.
ഞാൻ ഗർഭിണിയായിരിക്കെ എന്റെ കുഞ്ഞിനെ സഹായിക്കാൻ ഒന്നും ചെയ്യാനാകില്ലെന്നതായിരുന്നു ഏറ്റവും പ്രയാസകരം. ഞങ്ങൾ ദുബായിലെ ഏറ്റവും മികച്ച ഡോക്ടർമാരെ തന്നെ പോയി കണ്ടു. അവർ ഞങ്ങളെ ലണ്ടനിലേക്ക് അയച്ചു. ഇന്ത്യയിലേക്കും ഞങ്ങൾ പോയി. പക്ഷെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വേദനയും അത്ഭുതത്തിനായുള്ള പ്രർത്ഥനയുമായിരുന്നു ആ ഗർഭകാലം. മരുന്നുകളും സർജറികളും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഒന്നും ഉണ്ടായിരുന്നില്ല. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു.
രണ്ട് വർഷം മുമ്പ് തന്നെ ഞാൻ ഈ ഗർഭത്തിനായി തയ്യാറെടുത്തിരുന്നു. ഞാൻ വർക്കൗട്ട് ചെയ്തു. ഡിടോക്‌സ് ചെയ്തു. നിർദ്ദേശിക്കപ്പെട്ട എല്ലാ വൈറ്റമിനുകളും കഴിച്ചു. എന്റെ ശരീരത്തെ തയ്യാറാക്കി. ദൈവം വീണ്ടും ഇരട്ടക്കുട്ടികളെ നൽകി ഞങ്ങളെ അനുഗ്രഹിച്ചു. പക്ഷെ വരാനിരിക്കുന്നതിന് ഞാൻ തയ്യാറായിരുന്നില്ല. എന്റെ വിദൂരസ്വപ്‌നത്തിൽ പോലും ഇങ്ങനൊന്നുണ്ടായിരുന്നില്ല.
ദൈവം എന്നെ വെറും കയ്യോടെ വിട്ടിലെന്നതിൽ എനിക്ക് കടപ്പാടുണ്ട്. ശംഷേർ രക്ഷപ്പെട്ടിരുന്നുവെങ്കിൽ ജീവിതം എങ്ങനെയാകുമായിരുന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. മൂത്ത ഇരട്ടകളുടെ ആത്മബന്ധം കാണുമ്പോൾ ആർതർ അതെല്ലാം മിസ് ചെയ്യുന്നുണ്ടെന്ന് തോന്നും. വലിയ വെല്ലുവിളികൾ കുടുംബങ്ങളേയും എന്നന്നേക്കുമായി മാറ്റും. പക്ഷെ ചിന്തിക്കാൻ പോലും സാധിക്കാത്ത കരുത്ത് അവർ കാണിക്കുകയും ചെയ്യും. രക്ഷപ്പെടലിന്റേയും നഷ്ടത്തിന്റേയും ഓരോ കഥയും മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ ആഴം ഓർമ്മപ്പെടുത്തന്നതാണ്.