ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

Tarique Rahman,Bangladesh Elections, Bangladesh prime minister, Bangladesh Nationalist party
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (06:47 IST)
ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ലെന്നും രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണനനല്‍കുമെന്നും ബംഗ്ലാദേശിന്റെ നിയുക്ത പ്രധാനമന്ത്രി
താരിഖ് റഹ്മാന്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ നിയുക്ത നേതാവെന്ന നിലയില്‍ തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ, പാകിസ്ഥാന്‍, തുടങ്ങിയ അയല്‍ക്കാരുമായി ഇടപെടുമ്പോള്‍ തന്റെ ഭരണകൂടം സന്തുലിതമായ സമീപനം സ്വീകരിക്കുമെന്ന് സൂചിപ്പിച്ചു.

'ബംഗ്ലാദേശിന്റെ താല്‍പ്പര്യത്തിനനുസരിച്ചുള്ള വിദേശനയത്തെക്കുറിച്ച് ഞങ്ങള്‍ സ്വയം വ്യക്തത വരുത്തിയിട്ടുണ്ട്, ബംഗ്ലാദേശ് ജനതയുടെ താല്‍പ്പര്യത്തിനാണ് പ്രഥമ പരിഗണന' -ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് റഹ്മാന്‍ പറഞ്ഞു. അതേസമയം താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മുംബൈയിലായിരിക്കുമെന്നും തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇംപാക്ട് ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുമെന്നും പറഞ്ഞാണ് മോദി ക്ഷണം നിരസിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സാര്‍ക്ക് രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, ചൈന, സൗദി അറേബ്യ, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, മലേഷ്യ, ബ്രൂണൈ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 12 രാജ്യങ്ങളിലെ നേതാക്കളെയെങ്കിലും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ എന്നിവരും ഫെബ്രുവരി 18 ന് എഐ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :