ഇന്ത്യയെ പിണക്കുന്നത് അപകടം, സമദൂരം നിലനിർത്താൻ ബംഗ്ലാദേശ്, സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2025 (19:49 IST)
ഇന്ത്യയുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന സന്ദേശവുമായി
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ആഭ്യന്തര കലാപവും ഇന്ത്യ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് ബംഗ്ലാദേശിനെ നയിക്കുകയാണെന്ന ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് ഇന്ത്യയുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തന ഉദ്ദേശിക്കുന്നില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ കയറ്റുമതി, വിദേശനിക്ഷേപം, റിമിറ്റന്‍സ് എന്നിവയില്‍
ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ണായകമാണ്.
വൈദ്യുതി, ഗ്യാസ്, ട്രാന്‍സിറ്റ് സൗകര്യങ്ങള്‍, തുറമുഖ സഹകരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നല്‍കിയ പിന്തുണ, ബംഗ്ലാദേശിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകമായിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയുമായി നേരിട്ട് പിണക്കാന്‍ ബംഗ്ലാദേശ് താത്പര്യം കാണിക്കുന്നില്ല. ഇന്ത്യയെ പിണക്കുന്നത് ബംഗ്ലാദേശിനെ സാമ്പത്തികമായി അസ്ഥിരമാക്കുമെന്നതാണ് ഇതിന് കാരണമായിരിക്കുന്നത്. വര്‍ഷങ്ങളായി അതിര്‍ത്തി സുരക്ഷ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍,അനധികൃത കുടിയേറ്റം എന്നീ വിഷയങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സഹകരണമുണ്ട്. ഈ സുരക്ഷാ സഹകരണം ദുര്‍ബലമായാല്‍, അത് ബംഗ്ലാദേശിനുതന്നെ തിരിച്ചടിയാകുമെന്ന യാഥാര്‍ഥ്യമാണ് ധാക്ക മനസ്സിലാക്കുന്നത്.

ചൈനയുമായി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും, ഇന്ത്യയെ അകറ്റുന്ന ഒരു നീക്കത്തിനും ധാക്ക നിലവില്‍ തയ്യാറല്ല. ഇന്ത്യയെ പൂര്‍ണമായി അവഗണിക്കുന്നത്, ബംഗ്ലാദേശിനെ പ്രാദേശികമായി ഒറ്റപ്പെടുത്തുമെന്നും, ദീര്‍ഘകാലത്തില്‍ അത് സാമ്പത്തികവും സുരക്ഷാപരവുമായ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ധാക്ക കണക്കാക്കുന്നത്. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറുമൊരു അയല്‍ രാജ്യം മാത്രമല്ല ബംഗ്ലാദേശ് മറിച്ച് വടക്കുകിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടത്തില്‍ തന്ത്രപൂര്‍വമായ ഭൂപ്രദേശം കൂടിയാണ്. ബംഗ്ലാദേശില്‍ അസ്ഥിരതയുണ്ടാകുന്നത് ഇന്ത്യയുടെ പ്രാദേശികമായ സുരക്ഷയ്ക്കും ഭീഷണിയാണ്.
ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയത്തിന്റെ ഭാഗമായി ബംഗ്ലാദേശിനെ അനിവാര്യ പങ്കാളിയാക്കുന്നു. അതിനാല്‍ തന്നെ ധാക്കയിലെ സര്‍ക്കാര്‍ ഏത് രൂപത്തിലുള്ളതായാലും, പ്രവര്‍ത്തനപരമായ ബന്ധം നിലനിര്‍ത്തുക എന്നത് ഇന്ത്യയ്ക്ക് പ്രധാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :